News Desk

2021-04-30 09:59:56 pm IST

ന്യൂഡല്‍ഹി: ബ്രൂണെ, മൊസാംബിക്, അല്‍ജീരിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്ന അശോക് അംറോഹി കൊവിഡ് ബാധിച്ച് മരിച്ചത് ചികിത്സ ലഭിക്കാതെയാണെന്ന് വെളിപ്പെടുത്തി കുടുംബം. ഈമാസം 27-നാണ് അശോക് അംറോഹി മരിക്കുന്നത്. 

ആശുപത്രിക്കുമുന്നില്‍ ചികിത്സയ്ക്കായി അഞ്ച് മണിക്കൂറോളം കാത്തുകിടന്നെന്നും കാറില്‍ വച്ചാണ് അദ്ദേഹം മരിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് അംറോഹി രോഗബാധിതനായത്. സ്ഥിതി ഗുരുതരമായതിനാല്‍ കിടക്ക ഒഴിവുണ്ടെന്നറിഞ്ഞ് 27-ന് രാത്രി 7.30ഓടെ ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെത്തി. 

എന്നാല്‍, കൊവിഡ് പരിശോധന നടത്തണമെന്ന് പറഞ്ഞ് ഒന്നര മണിക്കൂറോളം പുറത്ത് നിര്‍ത്തി. ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ മകന്‍ ക്യൂവില്‍ നിന്നെങ്കിലും നടപടികള്‍ വൈകി. നിരവധി തവണ കരഞ്ഞുപറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് ഭാര്യ യാമിനി ആരോപിക്കുന്നു.

അശോക് അംറോഹിയ്ക്ക് ഇടയ്ക്ക് ഓക്സിജന്‍ സിലിണ്ടര്‍ ലഭിച്ചെങ്കിലും കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ മാസ്‌ക് ഊരേണ്ടി വന്നു. സംസാര ശേഷിക്കും തടസ്സമുണ്ടായി. അര്‍ധരാത്രിയോടെ ഹൃദയാഘാതമുണ്ടായി കാറിനുള്ളില്‍ തന്നെ അദ്ദേഹം മരിക്കുകയായിരുന്നു. 

ഈ അവസ്ഥ കണ്ട് ആശുപത്രിയില്‍ നിന്ന് ആരും സഹായിച്ചില്ലെന്നും വീല്‍ചെയറോ സ്ട്രെച്ചറോ പോലും നല്‍കിയില്ലെന്നും യാമിനി പറഞ്ഞു. 'ദി വയര്‍' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കുടുംബത്തിന്റെ ആരോപണം സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വൃത്തങ്ങല്‍ പ്രതികരിച്ചിട്ടില്ല.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top