News Desk

2020-07-09 11:08:24 pm IST
ദുബൈ: ദുബൈയില്‍ വച്ച് കൊവിഡിനെ തോല്‍പ്പിച്ച അനുഭവം വ്യക്തമാക്കുകയാണ് കൊല്ലം സ്വദേശിയും ദുബൈയില്‍ ഉദ്യോഗസ്ഥനുമായ മനോജ് പിള്ള. മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബൈയില്‍ വര്‍ക്ക് ഫ്രം ഹോം തുടരുന്നതിനിടെയാണ് മനോജിന് കൊവിഡ് പിടിപെടുന്നത്. സഹിക്കാനാവാത്ത തൊണ്ടവേദന, തല വേദന, ശ്വാസം മുട്ടല്‍ ഇവ അനുഭവപ്പെട്ടിരുന്നില്ലെന്ന് മനോജ് പറയുന്നു. പനി മാത്രമാണ് മനോജിന് ഉണ്ടായത്. പനഡോളും ആന്റിബയോട്ടിക്കും കഴിച്ച് പനി മാറി.

ഹെവി മീല്‍ ഒഴിവാക്കി, ഇടവിട്ട് ഗ്രൂമ്പു എണ്ണ, കറുകപ്പട്ട ഇവ ഇട്ട് ആവിപിടിച്ചു കൊണ്ടിരുന്നു. പകല്‍ നാരങ്ങ നീരൊഴിച്ച ചെറുചൂടുവെള്ളം, രാത്രിയില്‍ മഞ്ഞള്‍പ്പൊടിയിട്ട പാല്‍ ഇവ കുടിച്ചു. ധാരാളം ഓറഞ്ച് കഴിച്ചു. അങ്ങനെ രണ്ടാഴ്ചക്കകം തനിക്ക് നെഗറ്റീവ് റിസല്‍ട്ട് ലഭിച്ചുവെന്നും മനോജ് പറയുന്നു. 

ഭക്ഷണത്തിലൂടെ ചികിത്സിക്കാന്‍ കഴിയുന്ന രോഗങ്ങളെ മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങളിലൂടെ ചികിത്സിക്കരുതെന്നും ഒറ്റക്കാകുമ്പോള്‍ അതിഥിയായെത്തുന്ന അസുഖങ്ങള്‍ ഇരട്ടി ആഘാതമാണ് തരികയെന്നും അതിനാല്‍ ആത്മവിശ്വാസത്തോടെയിരിക്കണമെന്നും മനോജ് വ്യക്തമാക്കി. 

'കൊവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞ നിമിഷം  ഞാനെന്നോട് പറഞ്ഞത് ഇത്രയേ ഉള്ളു; ഇതിലും മാരകമായ, ചികിത്സകൊണ്ട് പോലും ഭേദമാക്കാനാവാത്ത എത്രയോ രോഗങ്ങളുണ്ടിവിടെ!', മനോജ് കൂട്ടിച്ചേര്‍ത്തു. 

മിക്കപ്പോഴും കൊവിഡിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ അയ്യോ എന്നു തുടങ്ങുന്ന സംസാര രീതിയാണ് മിക്കവരുടേതും അത് ആരിലും പേടിയുണ്ടാക്കും അതിനാല്‍ അത്തരം സംസാരങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്നും മനോജ് പറഞ്ഞു.

Top