News Desk

2021-03-18 07:30:44 pm IST

ന്യൂഡല്‍ഹി: പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനായി കഴിഞ്ഞ വര്‍ഷം കുവൈത്ത് കൊണ്ടുവന്ന പ്രവാസി ക്വാട്ട ബില്‍ നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്ന പ്രവാസികളെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂവെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് നാസര്‍ അല്‍ മുഹമ്മദ് അല്‍ സബ പറഞ്ഞു.

''കഴിഞ്ഞ വര്‍ഷം ചര്‍ച്ച ചെയ്ത ബില്‍ കുവൈത്തിലെ അനധികൃത പ്രവാസികള്‍ക്ക് മാത്രമുള്ളതാണ്. അല്ലാതെ ഏതെങ്കിലും രാജ്യത്തെ പ്ര്വാസികളെ ലക്ഷ്യംവെച്ചുള്ളതല്ല. കുവൈത്തില്‍ 170-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുണ്ട്. അവരെയാരെയും ലക്ഷ്യംവെക്കുന്നതല്ല ബില്‍.', കുവൈത്ത് വിദേശകാര്യ മന്ത്രി പറഞ്ഞു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ച വൈകീട്ട് ഇന്ത്യയിലെത്തിയ അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്.

വിദേശികളുടെ ജനസംഖ്യ സ്വദേശി ജനസംഖ്യയ്ക്ക് ആനുപാതികമായി പരിമിതപ്പെടുത്തുന്നതിന്, കുവൈത്തിലെ പ്രവാസികളുടെ ജനസംഖ്യയ്ക്ക് ക്വാട്ട നിശ്ചയിക്കുന്നതാണ് പ്രവാസി ക്വാട്ട ബില്‍.  പ്രവാസികളുടെ എണ്ണം കുവൈത്ത് ജനസംഖ്യയുടെ 30 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. 

43 ലക്ഷമാണ് കുവൈത്തിലെ ആകെ ജനസംഖ്യ. ഇതില്‍ 30 ലക്ഷം പേരും വിദേശികളാണ്. 11 ലക്ഷം പേര്‍ അറബ് വംശജരും 14 ലക്ഷം പേര്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരമാണ്. ഇതില്‍ ഏകദേശം എട്ടുലക്ഷത്തോളം പേര്‍ ഇന്ത്യക്കാരാണ്.

പ്രവാസി ക്വാട്ട ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ എട്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുമെന്നായിരുന്നു ആശങ്ക. ഇതില്‍ നാലു ലക്ഷത്തോളം മലയാളികളും ഉള്‍പ്പെടും.

കുവൈത്തില്‍ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കൊവിഡ് പ്രതിസന്ധി ഇതിനു ആക്കം കൂട്ടി. ഈ പശ്ചാത്തലത്തിലാണ് പ്രവാസി ക്വാട്ട ബില്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top