News Desk

2021-04-12 03:48:01 pm IST


ദുബൈ: ആളുകളെ ഭയപ്പെടുത്താന്‍ ടിക്‌ടോക് വീഡിയോ ക്ലിപ്പില്‍ വെടിയൊച്ച കൂട്ടിച്ചേര്‍ത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത പ്രവാസി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 

ബര്‍ ദുബൈയിലെ ആളൊഴിഞ്ഞ ഒരു പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയില്‍ വെടിശബ്ദവും ആളുകള്‍ നിലവിളിക്കുന്ന ശബ്ദവും കൂട്ടിച്ചേര്‍ത്ത് ഒരു കുറ്റകൃത്യം നടന്നതായി തോന്നിപ്പിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്തതാണ് കുറ്റം.

ബംഗ്ലാദേശ് പൗരനായ 24 വയസ്സുള്ള പ്രതി ദുബൈയിലെ ഒരു റസ്റ്റോറന്റില്‍ വെയ്റ്ററായി ജോലി ചെയ്യുകയാണ്. ജനുവരി 13-നാണ് ഇദ്ദേഹം വീഡിയോ ഷൂട്ട് ചെയ്ത് സൗണ്ട് ഇഫക്ടുകളും ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ടിക് ടോകില്‍ 11400 ഫോളോവേഴ്സുള്ള ഇദ്ദേഹത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. 

പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് വീഡിയോ റെക്കോഡ് ചെയ്ത ശേഷം അത് ടിക്ടോക്കിലേക്ക് പോസ്റ്റ് ചെയ്യും മുമ്പ് വെടിവയ്ക്കുന്നതിന്റെയും ആളുകള്‍ ഭയന്ന് നിലവിളിച്ച് ഓടുന്നതിന്റെയും ശബ്ദം കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയെ അറിയിച്ചു.

പ്രതിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത പൊലീസ് ടിക്ടോക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ക്രമസമാധാനത്തിന് തടസ്സം സൃഷ്ടിക്കുന്ന വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു എന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ ഏപ്രില്‍ അവസാനം വിധി പറയും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top