News Desk

2021-03-14 03:14:30 pm IST
റിയാദ്:  ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസി തൊഴിലാളികള്‍ക്കു ഗുണകരമാകുന്ന സൗദിയിലെ തൊഴില്‍ പരിഷ്‌കാരങ്ങള്‍ ഇന്ന് (ഞായര്‍) മുതല്‍ പ്രാബല്യത്തില്‍ വരും. സ്‌പോണ്‍സറുടെ സമ്മതമില്ലാതെ തൊഴില്‍ മാറാനും രാജ്യം വിടാനും കഴിയുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. 

എഴുപതു വര്‍ഷമായി രാജ്യത്തു തുടരുന്ന സ്പോണ്‍സര്‍ഷിപ് (കഫാല) നിയമത്തിലെ രണ്ടു പ്രധാന ഭാഗങ്ങള്‍ നീക്കുന്നതിലൂടെ ചരിത്രപരമായ നീക്കമാണ് സൗദി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സ്പോണ്‍സറുടെ സമ്മതമില്ലാതെ രാജ്യം വിടാനും കരാര്‍ തീരുന്നതനുസരിച്ച് ഒരു സ്പോണ്‍സറുടെ കീഴില്‍ നിന്ന് മറ്റൊരിടത്തേക്ക് തൊഴില്‍ മാറാനും അനുവദിക്കുന്നതാണ് മാനവ വിഭവ ശേഷി മന്ത്രാലയം ഇന്നു മുതല്‍ നടപ്പാക്കുന്ന പരിഷ്‌കാരം. 

ഇതു മെച്ചപ്പെട്ട തൊഴില്‍ മൊബിലിറ്റി സാധ്യമാക്കുമെന്നാണു വിലയിരുത്തല്‍. പ്രവാസികള്‍ക്ക് അവരുടെ തൊഴില്‍ കരാറുകള്‍ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നേരിട്ട് അപേക്ഷിക്കാനും പുതിയ പരിഷ്‌കാരം വഴി സാധ്യമാകും.

നീതിയുക്തമായ തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ രാജ്യം നടപ്പാക്കുന്ന ലേബര്‍ റിഫോം ഇനീഷ്യേറ്റീവിന്റെ ഭാഗമായി നടപ്പാക്കുന്ന പുതിയ പരിഷ്‌കാരം 10 ദശലക്ഷം പ്രവാസികള്‍ക്ക് ഉപകരമാകുമെന്നാണു കണക്കാക്കുന്നത്. ഒരു പ്രത്യേക തൊഴിലുടമയുമായി ബന്ധമില്ലാതെ രാജ്യത്ത് നിയമപരമായി തങ്ങാന്‍ തൊഴിലാളികളെ പ്രാപ്തമാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

നിലവില്‍ പ്രവാസി തൊഴിലാളിക്ക് ഒരു  സ്വദേശി പൗരന്റെ സ്പോണ്‍സര്‍ഷിപ്പ് ഇല്ലാതെ സൗദിയില്‍ തൊഴില്‍ എടുക്കാന്‍ സാധിക്കില്ല. മാത്രമല്ല ഇങ്ങനെ ജോലിചെയ്യുന്ന തൊഴിലാളിയുടെ നിയമപരമായ എല്ലാ അവകാശങ്ങളും സ്‌പോണ്‍സറില്‍ നിക്ഷിപ്തവുമാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങുക, ഡ്രൈവിങ് ലൈസന്‍സ് എടുക്കുക തുടങ്ങി അവധിക്കു നാട്ടില്‍ പോകാനും തിരികെ വരാനും സ്‌പോണ്‍സര്‍ കനിയണമെന്നതാണു നിയമം. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top