ദോഹ: ഖത്തറിലെ ഫുഡ് ഡെലിവറി ഏജന്റിന്റെ മാനവിക പ്രവൃത്തിക്ക് അംഗീകാരം. തലബാത്ത് കമ്പനിയുടെ ഡെലിവറി ഏജന്റായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് യാസീനാണ് അംഗീകാരം തേടിയെത്തിയത്.
മക്ഡൊണാള്‍ഡില്‍ നിന്നുള്ള ഒരു ഓര്‍ഡറുമായി ബൈക്കില്‍ തിരക്കുള്ള റോഡിലൂടെ പോവുകയായിരുന്നു യാസീന്‍. ഈ തിരക്കുള്ള സമയത്ത് വീല്‍ ചെയറില്‍ റോഡ് മുറിച്ച് കടക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന ഭിന്നശേഷിക്കാരനെ സഹായിക്കുകയായിരുന്നു യാസീന്‍.
> മുഹമ്മദ് യാസീന്‍
ഓര്‍ഡര്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ തിരക്കിട്ട് പോവുകയായിരുന്ന യാസീന്‍, ഇക്കാര്യം കൂസാതെ ബൈക്ക് സൈഡിലേക്ക് ഒതുക്കി വീല്‍ ചെയറിലെ ആളെ സഹായിക്കുകയായിരുന്നു. യാദൃശ്ചികമായി ഈ ദൃശ്യം പകര്‍ത്തിയ ഒരാള്‍ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വൈകാതെ ഇത് വൈറലായി മാറുകയായിരുന്നു.
സംഭവം അറിഞ്ഞ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം യാസീനെ ഫോണില്‍ ബന്ധപ്പെട്ടു. അഭിനന്ദനം അറിയിച്ച മന്ത്രാലയം സമ്മാനമായി ഒരു ഹെല്‍മറ്റും ജാക്കറ്റും ഷൂസും നല്‍കുകയും ചെയ്തു. അതിന് പിന്നാലെയാണ് ജോലിയില്‍ പ്രമോഷന് ലഭിച്ചത്. തലബാത്ത് കമ്പനിയില്‍ റൈഡര്‍ പോസ്റ്റില്‍ ഉണ്ടായിരുന്ന യാസീന്‍ ഇപ്പോള്‍ റൈഡര്‍ ക്യാപ്റ്റനാണ്. റൈഡര്‍മാരുടെ തലവനാണ് റൈഡര്‍ ക്യാപ്റ്റന്‍.
അത്യാവശ്യ ഘട്ടത്തില്‍ ഒരാളെ സഹായിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. നിങ്ങള്‍ ഒരാളെ സഹായിച്ചാല്‍ അവശ്യ ഘട്ടത്തില്‍ വേറെ ആരെങ്കിലും നിങ്ങളെ സഹായിക്കുമെന്ന പിതാവിന്റെ വാക്കുകളാണ് തനിക്ക് പ്രചോദനമെന്നും യാസീന്‍ കുട്ടിച്ചേര്‍ത്തു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ