ദോഹ: ഖത്തറിലെ വ്യവസായിയെ നാദാപുരം തൂണേരിയില്‍ നിന്ന് തട്ടികൊണ്ടുപോയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദോഹയിലെ മലയാളി പ്രവാസി സംരംഭകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രവാസി വ്യവസായിയായ എം.പി.കെ അഹമ്മദിനെയാണ് തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത്. ഇതിന് പിന്നില്‍ മുമ്പ് അഹമ്മദിന്റെ ദോഹയിലെ കമ്പനിയില്‍ പ്രവര്‍ത്തിച്ചിരുന്ന പയ്യോളി സ്വദേശിയാണ്.
2010-ലാണ് 'സള്‍ഫര്‍ കെമിക്കല്‍' എന്ന കമ്പനി ഖത്തറില്‍ അഹമ്മദ് തുടങ്ങുന്നത്. പിന്നീട് 2014-ല്‍ സഹോദര സ്ഥാപനമായി 'ഇക്കോ ഫ്രഷ്' എന്ന കമ്പനിയും തുടങ്ങി. ഈ കമ്പനിയിലാണ് പയ്യോളി സ്വദേശി മാനേജറായി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഇയാള്‍ കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ രണ്ടുപേരെയും കമ്പനിയില്‍ സെയില്സ്മാന്മാരായി കൊണ്ടുവന്നു.
2018-ല്‍ ഇക്കോ ഫ്രഷ് കമ്പനിയില്‍ ജോലി ചെയ്തിരിക്കെ പയ്യോളി സ്വദേശി സമാനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റോരു കമ്പനി തുടങ്ങുകയും അഹമ്മദിന്റെ കമ്പനിയില്‍ നിന്നുള്ള ബിസിനസ് അങ്ങോട്ട് മാറ്റുകയും ചെയ്തു.
തുടര്‍ന്ന് പല ചര്‍ച്ചകള്‍ക്കുമൊടുവില്‍ പയ്യോളി സ്വദേശിക്ക് അഹമ്മദിന്റെ കമ്പനിയില്‍ നിന്ന് എന്‍.ഒ.സി നല്‍കുകയും എല്ലാ ഇടപാടുകളും അവസാനിപ്പിക്കുകയും ചെയ്തു.
'ഇക്കോ ഫ്രഷ്' കമ്പനിയില്‍ നിന്ന് നിയമപ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും കൈപറ്റിയെന്നും ഇനി ഒരു ബാധ്യതയുമില്ലെന്ന കരാറിലും ഇവര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ തങ്ങള്‍ 'ഇക്കോ ഫ്രഷ്' കമ്പനിയില്‍ പാര്ട്ണര്മാരായിരുന്നുവെന്നും മൂന്നുപേര്‍ക്കും കൂടി ഈ വകയില്‍ 2.40 ലക്ഷത്തോളം റിയാല്‍ അഹമ്മദ് തരാനുണ്ടെന്നും വാദമുന്നയിക്കുകയായിരുന്നു.
ഇതിനെ തുടര്‍ന്നുള്ള സംഭവങ്ങളാണ് അഹമ്മദിന്റെ തട്ടിക്കൊണ്ടുപോകലില്‍ എത്തിയത്. നാട്ടില്‍ പോയ അഹമ്മദിനെ തട്ടിക്കൊണ്ടുപോകാന്‍ പയ്യോളി സ്വദേശിയുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ഇതിന് ശേഷം അഹമ്മദുമായി ബന്ധപ്പെട്ട ഖത്തറിലെ വ്യവസായികള്‍ക്ക് മൊബൈലില്‍ ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നു.
ദോഹയിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഭീഷണികള്‍ അവസാനിച്ചത്. ഇപ്പോള്‍ അഹമ്മദിന്റെ ഖത്തറിലുള്ള സഹോദരങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പയ്യോളി സ്വദേശി പ്രചരിപ്പിക്കുന്നത്. ഇത് വാസ്തവവിരുദ്ധമാണെന്ന് സഹോദരങ്ങളായ അസീസ്, അഷ്റഫ് എന്നിവരും പറഞ്ഞു.
കമ്പനിയില്‍ നിന്ന് പിരിഞ്ഞുപോയപ്പോള്‍ അവര്‍ ഉപയോഗിച്ച വാഹനം വരെ അഹമ്മദ് അവര്‍ക്ക് നല്‍കിയിരുന്നു. ഇതിന്റെ രേഖകളും കരാറും കൈവശമുണ്ടെന്നും അവര്‍ പറഞ്ഞു. പ്രവാസി സംരംഭകര്‍ക്കെതിരെ നാട്ടില്‍ ഇത്തരത്തില്‍ ഭീഷണിയും അക്രമവും പതിവായിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവണമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.