News Desk

2021-02-16 01:33:52 pm IST


അബുദാബി: കോഴിക്കോട് സ്വദേശി അബുദാബിയുടെ അതിര്‍ത്തി കടന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിന് പിഴ ശിക്ഷ. 15,000 ദിര്‍ഹം (3 ലക്ഷം രൂപ) പിഴയാണ് അബുദാബിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഹിരണ്‍ ഭാസ്‌കരന് ലഭിച്ചത്. 

ഹിരണ്‍ അടുത്ത കാലത്തൊന്നും അബുദാബി അതിര്‍ത്തി വിട്ട് പോയിട്ടില്ല. എന്നാല്‍ മീഡിയ കമ്പനിയില്‍ ജോലി ചെയ്യുന്ന ഭാര്യ അതുല്യ ഔദ്യോഗിക ആവശ്യത്തിന് ജനുവരി 24-നു ദുബൈയില്‍ പോയിരുന്നു.

കൊവിഡ് പരിശോധന നടത്തിയാണ് അതിര്‍ത്തി കടന്നത്. തിരിച്ചെത്തി 4, 8 ദിവസങ്ങളില്‍ കൃത്യമായി കൊവിഡ് പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിഴ ശിക്ഷ ലഭിക്കാന്‍ കാരണമായത് അതുല്യ ഉപയോഗിക്കുന്ന സിം കാര്‍ഡാണ്. 

അതുല്യ അതിര്‍ത്തി കടക്കുമ്പോള്‍ ഉപയോഗിച്ച രണ്ടു ഫോണുകളില്‍ ഒന്ന് ഹിരണിന്റെ പേരില്‍ എടുത്ത സിം കാര്‍ഡായിരുന്നു. മറ്റൊന്ന് കമ്പനി ഫോണും. വ്യക്തിഗത സിം കാര്‍ഡാണ് പിഴയിലേക്കു നയിച്ചത്.  പിഴയ്ക്ക് എതിരെ പരാതിയുണ്ടെങ്കില്‍ ഫയല്‍ നമ്പര്‍ സഹിതം 14 ദിവസത്തിനകം നിശ്ചിത വെബ്‌സൈറ്റില്‍ പരാതിപ്പെടണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

ഇതനുസരിച്ച് പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ദമ്പതികള്‍. കൊവിഡ് പരിശോധന നടത്തിയതിനുള്ള തെളിവായി അല്‍ഹൊസന്‍ ആപ്പിലെ സന്ദേശവും ബന്ധം തെളിയിക്കുന്നതിനു വിവാഹ സര്‍ട്ടിഫിക്കറ്റും എമിറേറ്റ്‌സ് ഐഡിയും സഹിതമാണ് അപേക്ഷ നല്‍കിയത്. 

ഇക്കാര്യം കോടതിക്കു ബോധ്യപ്പെട്ടാല്‍ ഒരു മാസത്തിനകം പിഴയില്‍നിന്ന് ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടില്‍നിന്ന് എത്തിയ സുഹൃത്തിനു സിം കാര്‍ഡ് നല്‍കിയ മറ്റൊരു മലയാളിക്കും നേരത്തെ 5000 ദിര്‍ഹം പിഴ ലഭിച്ചിരുന്നു. നാട്ടില്‍ പോയ ഭാര്യയുടെ നമ്പര്‍ താല്‍ക്കാലികമായി സുഹൃത്തിനു നല്‍കിയതായിരുന്നു ഇദ്ദേഹം. എന്നാല്‍ ഇയാള്‍ ദുബൈയില്‍ പോയ കാര്യം പിഴ വന്നപ്പോഴാണ് സിം കാര്‍ഡ് ഉടമ അറിയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top