News Desk

2021-03-10 05:47:05 pm IST
വാഷിങ്ടണ്‍: മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് ഊബര്‍ ഡ്രൈവര്‍ക്ക് നേരേ യാത്രക്കാരുടെ അതിക്രമം. യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഊബര്‍ ടാക്സി ഡ്രൈവറായ നേപ്പാള്‍ സ്വദേശി സുഭാകറിന് നേരേയാണ് അതിക്രമം നടന്നത്. 

യാത്രക്കായി ടാക്സി ബുക്ക് ചെയ്ത് വാഹനത്തില്‍ കയറിയ മൂന്ന് യുവതികള്‍ സുഭാകറിനോട് മോശമായി പെരുമാറി. ഒപ്പം അസഭ്യം പറയുകയും ചെയ്തു. ഡ്രൈവറുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുപറിക്കാന്‍ ശ്രമിച്ച യുവതികളിലൊരാള്‍ മാസ്‌ക് വലിച്ചൂരുകയും ചെയ്യുന്നതായും വീഡിയോയില്‍ കാണാം. 

യു.എസിലെ മാധ്യമപ്രവര്‍ത്തകയായ ഡിയോണ്‍ ലിം ആണ് സുഭാകറിന് നേരേ നടന്ന അതിക്രമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേരാണ് സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. യാത്രക്കാരിലൊരാളോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനാണ് സുഭാകറിനോട് ഇത്തരത്തില്‍ പെരുമാറിയത്. കാറില്‍ കുരുമുളക് സ്പ്രേ ചെയ്താണ് യുവതികള്‍ പോയത്. സംഭവത്തിന് ശേഷം ഏതാനുംദിവസങ്ങള്‍ തനിക്ക് ജോലിക്ക് പോകാനായില്ലെന്നും ഡിയോണ്‍ മാധ്യമങ്ങളോടു പറഞ്ഞു. 

വീഡിയോ വൈറലായതോടെ ഊബര്‍ അധികൃതരും വിഷയത്തില്‍ ഇടപെട്ടു. വീഡിയോയിലുള്ളവരുടെ പെരുമാറ്റം ഭീകരമാണെന്നും ഇവരെ ഇനി യൂബറില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്നും ഊബര്‍ വക്താവ് വ്യക്തമാക്കി. അതിനിടെ, കാറില്‍ കുരുമുളക് സ്പ്രേ ചെയ്തതിനാല്‍ കാര്‍ വൃത്തിയാക്കാനായി സുഭാകറിന് ഊബര്‍ വെറും 20 ഡോളറാണ് നല്‍കിയതെന്ന വിവരവും വിവാദത്തിനിടയാക്കിയിരുന്നു. പിന്നീട് ഊബര്‍ 120 ഡോളര്‍ നല്‍കിയെങ്കിലും ഗോഫണ്ട് മീ പേജിലൂടെ സുഭാകറിന് സഹായം നല്‍കാന്‍ മറ്റുള്ളവരും രംഗത്തെത്തിയിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top