News Desk

2021-05-17 06:10:49 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കവര്‍ച്ചയ്ക്കിരയായി പരാതി നല്‍കാന്‍ പൊലിസ് സ്റ്റേഷനിലേക്ക് പോയ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചാവക്കാട് സ്വദേശി ആരാച്ചാം വീട്ടില്‍ മുഹമ്മദ് റസാഖ്(60) ആണ് മരിച്ചത്. അബ്ബാസിയയിലാണ് സംഭവം.

കഴിഞ്ഞ ദിവസം ഹസാവി പ്രദേശത്തുവെച്ച് ഒരു സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി റസാഖിന്റെ കൈവശം ഉണ്ടായിരുന്ന 2000 ദിനാര്‍ പിടിച്ചുപറിക്കുകയായിരുന്നു. വിവരം സ്‌പോണ്‍സറെയും കൂടെ താമസിക്കുന്നയാളെയും അറിയിച്ച് പൊലിസില്‍ പരാതി നല്‍കാന്‍ പോയ റസാഖിനെകുറിച്ച് പിന്നെ ഒരു വിവരവും ഇല്ലായിരുന്നു. 

ഇതേത്തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് റസാഖിന്റെ മൃതദേഹം ഫര്‍വ്വാനിയ ദജീജ് മോര്‍ച്ചറിയിലുണ്ടെന്ന് വിവരം ലഭിച്ചത്. അബ്ബാസിയ ടെലി കമ്മ്യൂണിക്കേഷന്‍ കെട്ടിടത്തിനു പിന്നില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലിസ് അറിയിച്ചു. 

റസാഖിന്റെ വാഹനവും അതിലുണ്ടായിരുന്ന 17000 ദിനാറിന്റെ കച്ചവട സാധനങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭാര്യ: ഷീജ. മൂന്ന് മക്കളുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top