അബുദാബി: വിമാന യാത്രാ വിലക്കിനെ തുടര്‍ന്ന് യു.എ.ഇയില്‍ കുടുങ്ങിയ സൗദിയിലേയ്ക്കും കുവൈത്തിലേയ്ക്കുമുള്ള പ്രവാസികളുടെ പ്രതിസന്ധി സങ്കീര്‍ണം. പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആവശ്യമായ സഹായം ഉറപ്പാക്കാന്‍ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ഗള്‍ഫിലെ സംഘടനകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ ബദല്‍ താമസ സംവിധാനം ഒരുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ ഇനിയും ഉണ്ടായിട്ടില്ല. കൊവിഡ് മഹാമാരി ആരംഭിച്ചത് മുതല്‍ ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി 14 ദിവസം ക്വാറന്റൈന് പൂര്‍ത്തിയാക്കിയാണ് അവധിയില്‍ മിക്ക പ്രവാസികളും തങ്ങളുടെ തൊഴിലിടങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നത്.
എന്നാല്‍ 20 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയം താല്‍ക്കാലികമായി യാത്രാ വിലക്കേര്‍പ്പെടുത്തിയതോടെ നിലവില്‍ ദുബൈയില്‍ എത്തിയവരുടെ സൗദിയിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
രണ്ടാഴ്ച കാലത്തേക്ക് താമസ സൗകര്യം ഉള്‍പ്പെടെയുള്ള പ്രത്യേക പാക്കേജുകളില്‍ എത്തിയവരാണ് അധികം പേരും. യു.എ.ഇ വിസ 40 ദിവസം വരെ മാത്രമെ നീട്ടിക്കിട്ടുകയുള്ളൂ. പലരും കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളാണ്. ഹോട്ടല്‍ താമസ കാലാവധി കഴിഞ്ഞ നൂറുകണക്കിനാളുകളുമുണ്ട്.
അതേസമയം, യു.എ.ഇയില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് അടിയന്തരമായി സഹായം എത്തിക്കണമെന്ന് കേളി കലാസാംസ്കാരിക വേദി, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന് തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരും പ്രവാസലോകത്തെ പ്രമുഖരുമായി ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ