Article Desk

2021-03-01 05:14:22 pm IST

ലോകവ്യാപകമായി കൊവിഡ് പടര്‍ന്നുപിടിച്ചു കൊണ്ടിരിക്കെ സ്വന്തം നാട്ടിലേയ്ക്ക് അഭയം തേടിയെത്തിയ പ്രവാസികളെ കൊവിഡ് വാഹകരെന്ന രീതിയിലാണ് സമൂഹം കണക്കാക്കിയത്. കടുത്ത അവഗണനയോടെ പ്രവാസികളെ മാറ്റിനിര്‍ത്തി. പിന്നീട് കൊവിഡ് രൂക്ഷമായതോടെയാണ് ആളുകള്‍ക്ക് ചില കാര്യങ്ങളിലെങ്കിലും ധാരണകള്‍ ഉണ്ടായത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കൊവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി സഞ്ചരിക്കുകയാണ്. ഇതിനെന്നു അവസാനം ഉണ്ടാകുമെന്ന് ശാസ്ത്രലോകത്തിനു പോലും പിടികിട്ടിയിട്ടില്ല. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ ഒരുപക്ഷെ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിട്ടിട്ടുണ്ടാവുക പ്രവാസികള്‍ ആയിരിക്കും. 

നേരത്തെ പറഞ്ഞതു പോലെ കൊവിഡ് വാഹകരായി ആദ്യം പ്രവാസികളെ മുദ്രകുത്തി, അവരെ ഒറ്റപ്പെടുത്തി, ഇപ്പോഴിതാ ജോലി നഷ്ടപ്പെട്ട്, ജീവിതം വഴിമുട്ടി നാട്ടിലേയ്ക്ക് മടങ്ങി വരുന്നവര്‍ക്ക് ഇരട്ടപ്രഹരമായി കേന്ദ്ര സര്‍ക്കാര്‍ പുതിയ യാത്രാ ചട്ടങ്ങളും ഏര്‍പ്പെടുത്തി. നാട്ടിലേയ്ക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇതിനു പുറമേയായിരുന്നു നാട്ടിലെ വിമാനത്താവളങ്ങളിലെ കൊവിഡ് ടെസ്റ്റ്. വലിയൊരു തുക ചിലവാക്കി കൊവിഡ് ടെസ്റ്റ് എടുത്ത് വരുന്ന പ്രവാസികള്‍ക്ക് പുതിയ യാത്രാ ചട്ടങ്ങള്‍ സാമ്പത്തിക പ്രയാസവും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നതായിരുന്നു. 

വിദേശത്ത് 5000 രൂപയിലധികമുള്ള തുക മുടക്കിയാണ് പ്രവാസികള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നത്. ഈ തുക പലരാജ്യങ്ങളിലും വ്യത്യസ്തമാണ്. ഇതിനു ശേഷം നാട്ടിലെത്തിയാല്‍ വീണ്ടും 2000 രൂപക്കടുത്തുള്ള മറ്റൊരു ടെസ്റ്റ് കൂടി വേണമെന്നത് പ്രവാസികളെ അക്ഷരാര്‍ഥത്തില്‍ ബുദ്ധിമുട്ടിക്കുന്നതായിരുന്നു. വാക്‌സിന്‍ എടുത്തവര്‍ക്കും കൊച്ചുകുട്ടികള്‍ക്കും ഈ നിബന്ധന ബാധമാണെന്നതും വിദേശത്ത് നിന്നും കുടുംബമായി നാട്ടിലെത്താന്‍ പദ്ധതിയിട്ട പ്രവാസികള്‍ക്ക് വെല്ലുവിളിതന്നെയായിരുന്നു. 

എന്നാല്‍, ഐ.എം.സി.സി, കേളി, പ്രവാസി സംഘം, കള്‍ച്ചറല്‍ ഫോറം, ഒ.ഐ.സി.സി, കെ.എം.സി.സി, പ്രവാസി സാംസ്‌കാരിക വേദി, ഇന്‍കാസ്, സംസ്‌കൃതി തുടങ്ങിയ സംഘടനകളുടെയും പ്രവാസികളുടെയും പ്രതിഷേധത്തെ തുടര്‍ന്ന് നാട്ടിലെ വിമാനത്താവളങ്ങളിലെ കൊവിഡ് ടെസ്റ്റ് കേരള സര്‍ക്കാര്‍ സൗജന്യമാക്കി നല്‍കിയിട്ടുണ്ട്. ജനിതകമാറ്റം വന്ന കൊറോണ വൈറസിന്റെ സാന്നിധ്യം പലരാജ്യങ്ങളിലും കണ്ടെത്തിയതോടെയാണ് വിദേശങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് പുതിയ യാത്രാ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. 

ഗള്‍ഫില്‍നിന്നുള്‍പ്പെടെ എല്ലാ അന്താരാഷ്ട്ര യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ (www.newdelhiairport.in) സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനൊപ്പം കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും വേണം. ചെക്ക് ഇന്‍ സമയത്ത് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കുടുംബത്തിലെ ആരെങ്കിലും മരിച്ച സന്ദര്‍ഭത്തില്‍ അടിയന്തര യാത്ര ചെയ്യുന്നവര്‍ക്ക് മാത്രമാണ് മുന്‍കൂട്ടിയുള്ള കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത്. ഇവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി കൊവിഡ് പരിശോധന ഒഴിവാകാനുള്ള Apply for Exemption വിന്‍ഡോവില്‍ കയറി നടപടികള്‍ പൂര്‍ത്തിയാക്കണം. ഈ വെബ്സൈറ്റ് ന്യൂഡല്‍ഹി വിമാനത്താവളത്തിന്‍േറതാണ്. ഇവര്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറിലേക്ക് അപേക്ഷ കൈമാറിയതിന് ശേഷമാണ് യാത്രക്കാരന് കൊവിഡ് പരിശോധന ഇല്ലാതെ യാത്ര നടത്താനുള്ള അനുമതി ലഭിക്കുക. ഇതുസംബന്ധമായ അന്തിമ തീരുമാനം സര്ക്കാരിന്റെതായിരിക്കും. എല്ലാവരും ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

ഇതിനെല്ലാം ശേഷം 14 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. എന്നാല്‍ ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ രാജ്യങ്ങളില്‍നിന്ന് മറ്റു രാജ്യങ്ങള്‍ വഴിയോ മറ്റു വിമാനത്താവളങ്ങള്‍ വഴിയോ വരുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ ഏഴു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണം. അതിന് ശേഷം പരിശോധന നടത്തി നെഗറ്റീവായാല്‍ ഏഴു ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. എന്നാല്‍ 14 ദിവസത്തെ ക്വാറന്റൈന്‍ നാപടിക്കെതിരെ പ്രവാസികളുടെ ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത് പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണെന്നാണ് പ്രവാസികള്‍ പറയുന്നത്. പൊതുപരിപാടികള്‍, ആഘോഷങ്ങള്‍, പാര്‍ട്ടി പരിപാടികള്‍, റാലികള്‍ തുടങ്ങിയവയ്ക്കു ആളുകള്‍ ഒത്തുകൂടുന്നത് മുഖവിലക്കെടുക്കാത്ത സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്നത് വിചിത്രമായ നടപടിയാണെന്നും ഇവര്‍ ആരോപിക്കുന്നു. 

കൊവിഡ് വ്യാപന നിയന്ത്രണത്തിന് ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നതിനു പകരം പ്രവാസികളെ കുറ്റക്കാരാക്കുന്ന നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രോഗികള്‍ വര്‍ധിച്ചതിന് കാരണം ജനങ്ങള്‍ സംഘം ചേരുന്ന പരിപാടികളാണെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പ്രവാസികളെ കുറ്റക്കാരാക്കി മാറ്റാതെ ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിക്കേണ്ടത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top