News Desk

2021-04-18 05:44:14 pm IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് രോഗം സങ്കീര്‍ണമായി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരില്‍ കൂടുതല്‍ പേരും പ്രവാസികള്‍ ആണെന്ന് കൊറോണയുമായി ബന്ധപ്പെട്ട സുപ്രിം അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ. ഖാലിദ് അല്‍ ജാറല്ലാഹ്. 

ഇവരില്‍ ഏറിയ പങ്കും കൊവിഡ് വാക്‌സിന്‍ എടുക്കാത്തവരാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ കണക്കുകള്‍ അനുസരിച്ച് കുവൈത്ത് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അതേസമയം, കുവൈത്തിലെ സ്വദേശികള്‍ക്കിടയില്‍ കൊവിഡ് ബാധയുടെ നിരക്ക് പ്രവാസികളെ അപേക്ഷിച്ച് വളരെ കുറവാണെന്നും നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വദേശികളില്‍ ഭൂരിഭാഗം ആളുകള്‍ക്കും വാക്‌സിന്‍ ലഭിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്. 

കുവൈത്തില്‍ വാക്‌സിനേഷന്റെ ആരംഭ ഘട്ടത്തില്‍ സ്വദേശികള്‍ക്കായിരുന്നു കൂടുതല്‍ പരിഗണന നല്‍കിയിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആദ്യഘട്ടത്തില്‍ പ്രവാസികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരമുണ്ടായിരുന്നത്. എന്നാല്‍ ക്രമേണ പ്രവാസികള്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയായിരുന്നു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അപൂര്‍വമായി കൊവിഡ് ബാധയുണ്ടാകാമെങ്കിലും അവരില്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നില്ലെന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു. 

അതിനിടെ, കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ കാര്യമായ കുറവ് ഉണ്ടായിട്ടില്ല. ശനിയാഴ്ച 1388 പേര്‍ക്കാണ് രോഗബാധയുണ്ടായത്. അതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 255,860 ആയി ഉയര്‍ന്നു. പുതുതായി നാലു പേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 1440 ആയി. 15393 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top