News Desk

2021-03-14 04:22:00 pm IST
മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്‌ഫോടക വസ്തുക്കളുമായി കാര്‍ കണ്ടെത്തിയ കേസില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗ്‌സഥന്‍ സച്ചിന്‍ വാസെയെ എന്‍.െഎ.എ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍ധ രാത്രിയാണ് അറസ്റ്റ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു

സ്‌ഫോടക വസ്തുക്കളുമായി കാര്‍ കൊണ്ടിട്ട സംഭവത്തില്‍ സച്ചിന്റെ പങ്ക് വ്യക്തമായി. ഇതോടെയാണ് അറസ്‌റ്റെന്ന് എന്‍.െഎ.എ ഉദ്യോഗ്‌സ്ഥര്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 11 മണിയോടെ കസ്റ്റഡിയിലെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) നീണ്ട 12 മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

സ്‌ഫോടക വസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ കാര്‍ അംബാനിയുടെ വീടിനുസമീപം സ്ഥാപിക്കാനുള്ള ഗൂഢാലോചനയില്‍ പങ്ക് ആരോപിച്ചാണ് അറസ്റ്റ്. എന്‍.ഐ.എ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അനില്‍ ശുക്ലയുടെ നേതൃത്വത്തിലുള്ള സംഘം എന്‍.ഐ.എ മുംബൈ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്.

സ്‌ഫോടക വസ്തു നിറച്ച കാര്‍ കണ്ടെത്തിയ സംഭവം ആദ്യം അന്വേഷിച്ചിരുന്നത് സച്ചിന്‍ വാസെയാണ്. പിന്നീടാണ് കേസ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനും ശേഷം എന്‍.ഐ.എക്കും കൈമാറുന്നത്. വിവാദ സ്‌കോര്‍പിയോയുടെ ഉടമ മന്‍സുഖ് ഹിരേന്റ മരണത്തില്‍ പ്രഥമദൃഷ്ട്യാ അസി. ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസെക്ക് പങ്കുണ്ടെന്ന് മഹാരാഷ്ട്ര എ.ടി.എസ് കോടതിയില്‍ പറഞ്ഞിരുന്നു. 

അറസ്റ്റ് ഭയന്ന് സച്ചിന്‍ താണെ സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്താണ് എ.ടി.എസ് ഇത് പറഞ്ഞത്. ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നും അതിന് കസ്റ്റഡി ആവശ്യമാണെന്നും കോടതിയും വിലയിരുത്തി. തൊട്ടുപിന്നാലെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഹിരേനെ സച്ചിന്‍ വാസെ കൊലപ്പെടുത്തിയതാണെന്നും കഴിഞ്ഞ 27 നും 28നും ഹിരേന്‍ സച്ചിനൊപ്പമായിരുന്നുവെന്നും വിവാദ സ്‌കോര്‍പിയോ നവംബര്‍ മുതല്‍ ഫെബ്രുവരി അഞ്ചുവരെ സച്ചിന്റെ കൈവശമായിരുന്നെന്നും ഹിരേന്റെ ഭാര്യ വിമല ആരോപിച്ചിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top