News Desk

2021-06-11 09:54:39 pm IST

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസുകള്‍ തമ്മിലെ ഇടവേള നീട്ടുന്നത് കൊറോണ വൈറസിന്റെ വകഭേദങ്ങളുടെ വ്യാപനത്തിന് കാരണമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റിന്റെ മെഡിക്കല്‍ ഉപദേഷ്ടാവും കൊവിഡ് പ്രതിരോധ വിദഗ്ധനുമായ ഡോ. ആന്റണി ഫൗചി. മോദി സര്‍ക്കാറിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഷീല്‍ഡ് ഡോസുകള്‍ തമ്മിലെ ഇടവേള നീട്ടിയത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

'എം.ആര്‍.എന്‍.എ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള വാക്‌സിനുകളായ ഫൈസറിന്റെയും മോഡേണയുടെയും ഇടവേള യഥാക്രമം മൂന്നും നാലും ആഴ്ചയാണ്. ഇത് നീട്ടിയാല്‍ പുതിയ ഏതെങ്കിലും കൊറോണ വൈറസ് വകഭേദങ്ങള്‍ക്ക് ആളുകള്‍ ഇരയാകാന്‍ സാധ്യതയുണ്ട്.'

'ബ്രിട്ടനില്‍ ഇടവേള നീട്ടിയത് നമ്മള്‍ കണ്ടു. ആ കാലയളവില്‍ പലര്‍ക്കും രോഗം ബാധിച്ചു. അതിനാല്‍ മുന്‍ നിശ്ചയിച്ച കാലയളവില്‍ തന്നെ നല്‍കുകയാണ് നല്ലത്. എന്നാല്‍, ഇന്ത്യയില്‍ വാക്‌സിന്‍ ലഭ്യത കുറവാണ്. അതാണ് ഡോസുകള്‍ക്കിടയിലെ ഇടവേള നീട്ടാന്‍ കാരണമായത്.', ഫൗചി വിശദീകരിച്ചു.

കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലെ ഇടവേള ദീര്‍ഘിപ്പിക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയത്. 12 മുതല്‍ 16 ആഴ്ചകളുടെ ഇടവേളയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. അതേസമയം, കോവാക്‌സിന്റെ ഇടവേളകളില്‍ മാറ്റം വരുത്തിയിരുന്നില്ല. അത് നാലു മുതല്‍ ആറ് ആഴ്ചയായി തുടരുന്നു.

കോവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിക്കുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഗുണകരമാകുമെന്നാണ് സമിതി അറിയിച്ചത്. കൊവിഡ് രോഗമുക്തര്‍ക്ക് ആറുമാസത്തിന് ശേഷം വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശത്തിലുണ്ടായിരുന്നു.

രണ്ട് തവണയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള നീട്ടിയത്. മാര്‍ച്ചില്‍ ഇടവേള 28 ദിവസത്തില്‍നിന്ന് ആറ്-എട്ട് ആഴ്ചയായി ദീര്‍ഘിപ്പിച്ചിരുന്നു. അതാണ് പിന്നീട് 12-16 ആഴ്ചയാക്കി നീട്ടിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top