News Desk

2021-04-21 10:08:21 am IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 40,000 കടന്നേക്കുമെന്ന് വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോര്‍ കമ്മിറ്റിയുടേതാണ് വിലയിരുത്തല്‍. കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.

കൊവിഡ് തീവ്ര വ്യാപനത്തില്‍ കനത്ത ആശങ്ക നിലനില്‍ക്കുന്ന എറണാകുളം ജില്ലയില്‍ പ്രാദേശിക ലോക്‌ഡൌണ്‍ നിലവില്‍ വന്നു. മൂന്ന് പഞ്ചായത്തുകളും കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലും ഉള്‍പ്പടെ 113 വാര്‍ഡുകളിലാണ് കണ്ടൈന്റമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അനിയന്ത്രിതമായി ഉയര്‍ന്നതോടെ വെങ്ങോല, മഴുവന്നൂര്‍, എടത്തല പഞ്ചായത്തുകളും ഇന്ന് വൈകീട്ട് ആറ് മണി മുതല്‍ അടച്ചിടും. അവശ്യസേവനങ്ങള്‍ക്ക് മാത്രമാകും അനുമതി. ഈ മേഖലകളിലെ കൂടുതല്‍ പേരെ ഇന്ന് മുതല്‍ കൂട്ട പരിശോധനക്ക് വിധേയരാക്കും. 

മൊബൈല്‍ യൂണിറ്റ് ഉള്‍പ്പടെ എത്തിച്ച് വീടുകളില്‍ വെച്ച് തന്നെയാകും പരമാവധി സാംപിള്‍ ശേഖരിക്കുക. എറണാകുളം ജില്ലയില്‍  ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്‌സിന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും കൂട്ടപ്പരിശോധന നടത്തും. മൂന്നു ലക്ഷം പേരെ പരിശോധിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു നില്‍ക്കുന്ന കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ പരിശോധന നടത്താന്‍ കൊവിഡ് കോര്‍ കമ്മിറ്റിയോഗം നിര്‍ദേശിച്ചു. വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അഞ്ചര ലക്ഷം ഡോസ് കൂടി ഉടനെത്തുമെന്നാണ് വിവരം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top