News Desk

2022-01-15 08:12:51 pm IST
ലണ്ടന്‍: പല പുതിയ കാര്യങ്ങളും നമ്മള്‍ കേട്ടതും അറിഞ്ഞതും ഈ കൊവിഡ് കാലത്തായിരുന്നു. എന്നാല്‍ കൊവിഡ് കാലത്ത് നിര്‍ബന്ധമായ മാസ്‌കുകളെപ്പറ്റിയുള്ള ഒരു രസകരമായ പഠനമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കൊവിഡിനെ പ്രതിരോധിക്കാനായി ധരിക്കുന്ന മാസ്‌കുകള്‍ ആളുകളെ കൂടുതല്‍ സുന്ദരന്മാരും സുന്ദരികളുമാക്കുന്നു എന്നാണ് പുതിയ പഠനം. 

ബ്രിട്ടണിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെ വിദഗ്ധരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. മുഖത്തിന്റെ താഴത്തെ പകുതി മാത്രം ധരിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും മുഖങ്ങള്‍ കൂടുതല്‍ ആകര്‍ഷകമായെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അവകാശപ്പെട്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. മാസ്‌ക് ആളുകളുടെ സൗന്ദര്യം വര്‍ധിപ്പിക്കുന്നതായാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ അവകാശപ്പെട്ടത്. 

മറ്റു മാസ്‌കുകളെ അപേക്ഷിച്ച് സര്‍ജിക്കല്‍ മാസ്‌കുകളാണ് കൂടുതല്‍ ആകര്‍ഷകമെന്നും ആളുകള്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാലയിലെ റീഡറായ ഡോ. മൈക്കിള്‍ ലൂയിസാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. സൈക്കോളജി വിഭാഗത്തിലെ വിദഗ്ധനായ ഇദ്ദേഹം മുഖങ്ങളുടെ സ്വാഭാവം പഠിക്കുന്നതിലും വിദഗ്ധനാണ്. ആളുകളുടെ സൗന്ദര്യത്തെ മാസ്‌കുകള്‍ക്ക് എതെങ്കിലും തരത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ടോ എന്നും ഏതു തരം മാസ്‌കുകളാണ് സൗന്ദര്യം വര്‍ധിപ്പിക്കുന്നത് എന്നും അറിയുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

'മെഡിക്കല്‍ ഫേസ് മാസ്‌കുകള്‍ ധരിക്കുമ്പോഴാണ് മുഖം ഏറ്റവുമധികം ആകര്‍ഷകമാകുന്നതെന്നാണ് ഞങ്ങളുടെ പഠനത്തില്‍ കണ്ടെത്തിയത്.'' അദ്ദേഹം പറഞ്ഞു. ഗവേഷണത്തിന്റെ ഭാഗമായി 2021 ഫെബ്രുവരിയിലായിരുന്നു ആദ്യമായി വിവരശേഖരണം നടത്തിയത്. 43 സ്ത്രീകളോടായിരുന്നു ചോദ്യങ്ങള്‍.

മാസ്‌ക് വെക്കാത്തതും, തുണി മാസ്‌ക് വെച്ചതും സര്‍ജിക്കല്‍ മാസ്‌ക് വെച്ചതും ഒരു കറുത്ത പുസ്തകം കൊണ്ട് മുഖത്തിന്റെ പകുതി ഭാഗം മറച്ചതുമായ പുരുഷന്മാരുടെ ചിത്രങ്ങള്‍ കാണിച്ച ശേഷം ഇവയില്‍ ഏതാണ് കൂടുതല്‍ ആകര്‍ഷകമെന്ന് ആയിരുന്നു ഗവേഷകര്‍ ചോദിച്ചത്. എന്നാല്‍ തുണി കൊണ്ടുള്ള മാസ്‌ക് ധരിച്ചവര്‍ മാസ്‌ക് ധരിച്ചവരെക്കാളും ബുക്ക് കൊണ്ട് മുഖം മറച്ചവരെക്കാളും സുന്ദരന്മാരാണെന്നായിരുന്നു സ്ത്രീകളുടെ പ്രതികരണം. എന്നാല്‍ സാധാരണ സര്‍ജിക്കല്‍ മാസ്‌ക് ധരിച്ചവരുടെ മുഖങ്ങളായിരുന്നു ഏറെ ആകര്‍ഷകമെന്നും ഗവേഷകര്‍ കണ്ടെത്തി.

ആളുകള്‍ ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ രോഗങ്ങളും രോഗലക്ഷണങ്ങളും പരിഗണിക്കുന്ന ഘടകങ്ങളാണെന്നും രോഗലക്ഷണങ്ങളുള്ളവരെ ഇണകളായി തെരഞ്ഞടുക്കാത്തതാണ് പതിവെന്നും അവര്‍ പറഞ്ഞു. എന്നാല്‍ കൊവിഡ് കാലത്ത് ഇതില്‍ മാറ്റം വന്നു. മാസ്‌ക് ധരിക്കുന്നവരില്‍ നിന്ന് രോഗം ബാധിക്കാനുള്ള സാധ്യത കുറവാണെന്ന ധാരണ ശക്തിപ്പെട്ടതാണ് ഇതിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. 

കൂടാതെ മാസ്‌ക് ധരിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ കണ്ണുകളിലേയ്ക്ക് ലഭിക്കുന്നതും മുഖം ആകര്‍ഷകമായി തോന്നാനുള്ള ഘടകമാണെന്ന് ഗവേഷകന്‍ പറഞ്ഞു. കൂടാതെ മുഖത്തിന്റെ പകുതി മറച്ചു പിടിക്കുന്നത് കൂടുതല്‍ സൗന്ദര്യമുള്ളതായി തോന്നിക്കുമെന്നും ബാക്കി ഭാഗം എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാന്‍ തലച്ചോറിനു കഴിവുണ്ടെന്നും ഇത് പലപ്പോഴും യഥാര്‍ഥത്തില്‍ ഉള്ളതിലും കൂടുതല്‍ സൗന്ദര്യം ഉള്ളതായി തോന്നിക്കുമെന്നും ലൂയിസ് കൂട്ടിച്ചേര്‍ത്തു. കോഗ്‌നിറ്റീവ് റിസര്‍ച്ച പ്രിന്‍സിപ്പിള്‍സ് ആന്റ് ഇംപ്ലിക്കേഷന്‍ എന്ന ജേണലിലാണ് പഠനത്തിന്റെ ആദ്യഭാഗം പ്രസിദ്ധീകരിച്ചത്. സ്ത്രീകളുടെ മാസ്‌കിട്ട മുഖം സംബന്ധിച്ച് പുരുഷന്മാരുടെ വീക്ഷണത്തെപ്പറ്റിയുള്ള പഠനം പുരോഗമിക്കുകയാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top