News Desk

2021-04-20 06:43:27 pm IST
ബാംഗ്ലൂര്‍: വര്‍ക്ക് ഫ്രം ഹോം സ്വീകരിച്ച് സ്വന്തം നാടുകളില്‍ പോയി ജോലി ചെയ്യുന്നവരുടെ ശമ്പളം വെട്ടിക്കുറച്ചേക്കാമെന്ന് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ പീപ്പിള്‍ ഗ്രോത്തിന്റെ വൈസ് പ്രസിഡന്റ് ബ്രയിന്‍ ഹാരിംഗ്ടനാണ് ഇക്കാര്യം വ്യക്താക്കിയത്. ബി.ബി.സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

ജീവനക്കാരന്‍ ജോലി ചെയ്യുന്ന സ്ഥലത്തെ വിപണിയെ അടിസ്ഥാനമാക്കിയാണ് ശമ്പളം നല്‍കുന്നത്. അതുകൊണ്ട് തന്നെ സ്വന്തം നാടുകളിലേക്ക് പോയി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവരുടെ സ്ഥലത്തെ അടിസ്ഥാനമാക്കി ശമ്പളത്തിന്റെ കാര്യത്തില്‍ വ്യത്യാസമുണ്ടാകും. 

അതായത് കാലിഫോര്‍ണിയില്‍ ജോലിചെയ്യുന്ന ജീവനക്കാരന്‍ ജോലിചെയ്യുന്നതിനായി ഇന്ത്യയിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ പ്രദേശിക തൊഴില്‍ വിപണി അനുസരിച്ച് ശമ്പളത്തില്‍ വ്യത്യാസമുണ്ടായേക്കാം. 

അതേസമയം സ്വന്തം സ്ഥലത്ത് പോയി ജീവനക്കാര്‍ ജോലി ചെയ്യുന്നതിനെ ഫേസ്ബുക്ക് പിന്തുണയ്ക്കുന്നുണ്ടെന്നും ഹാരിംഗ്ടന്‍ അറിയിച്ചു. വീട്ടില്‍ നിന്ന് ജോലി ചെയ്യുമ്പോള്‍ ജീവനക്കാര്‍ അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു. 

വര്‍ക്ക് ഫ്രം ഹോം ജോലി പല ജീവനക്കാര്‍ക്കും സ്വീകാര്യമല്ലെന്നും അവര്‍ ഓഫീസുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും ഹാരിംഗ്ടന്‍ പറഞ്ഞു. സുരക്ഷിതമായി ഓഫീസുകള്‍ തുറക്കുന്നതിനായി തങ്ങള്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് അറിയിച്ചു. അതേസമയം അടുത്ത അഞ്ച്-പത്ത് വര്‍ഷത്തിനുള്ളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ജോലി നല്‍കുമെന്ന് ഫേസ്ബുക്ക് സി.ഇഒ അറിയിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ  വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top