News Desk

2021-10-14 04:59:58 pm IST

ന്യൂയോര്‍ക്ക്: ഫേസ്ബുക്ക് തയ്യാറാക്കിയ 'അപകടകാരികളായ വ്യക്തികളുടെയും സംഘടനകളുടെയും' ലിസ്റ്റ് ചോര്‍ന്നു. അപകടകരമായ വ്യക്തികളും സംഘടനകളും എന്ന പേരില്‍ സൈറ്റ് നിരോധിച്ച ആയിരക്കണക്കിന് ആളുകളുടെയും ഗ്രൂപ്പുകളുടെയും പേരുകളാണ് ചോര്‍ന്നിരിക്കുന്നത്.

വിദ്വേഷം, കുറ്റകൃത്യം, തീവ്രവാദം, സൈനികവല്‍ക്കരിക്കപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചുകൊണ്ട് നാലായിരത്തിലധികം ആളുകളെയും സംഘടനകളെയും ഉള്‍ക്കൊള്ളുന്ന പട്ടിക ആദ്യം പ്രസിദ്ധീകരിച്ചത് ഇന്റര്‍സെപ്റ്റ് ആണ്. തീവ്രവാദികളായി ലിസ്റ്റു ചെയ്തിരിക്കുന്ന പേരുകളും ഗ്രൂപ്പുകളും പ്രധാനമായും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് നിയന്ത്രിക്കുന്ന ഒരു ഉപരോധ പട്ടികയില്‍ നിന്നാണ് എടുത്തത്.

പ്രൗഡ് ബോയ്‌സ്, അമേരിക്കന്‍ നാസി പാര്‍ട്ടി, ദി ഡെയ്‌ലി സ്റ്റോര്‍മര്‍, കു ക്ലക്‌സ് ക്ലാന്‍, ഇംഗ്ലീഷ് ഡിഫന്‍സ് ലീഗ് തുടങ്ങിയ തീവ്ര വലതു ഗ്രൂപ്പുകളിലെ നിരവധി അംഗങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇടതുപക്ഷമായ ആന്റിഫയിലെ ചില വിഭാഗങ്ങളും പട്ടികയിലുണ്ട്.

അഡോള്‍ഫ് ഹിറ്റ്‌ലര്‍, ബെനിറ്റോ മുസ്സോളിനി, ജോസഫ് ഗീബല്‍സ്, ജോസഫ് മെന്‍ഗെല്‍, തുടങ്ങി വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ട വ്യക്തികളും തദ്ദേശീയ കൊവിഡ് -19 വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന ഇറാനിലെ ഒരു മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയും 200-ലധികം മ്യൂസിക്കല്‍ ആക്ടുകളും ഫേസ്ബുക്കിന്റെ പട്ടികയിലുണ്ട്.

ക്‌ളാന്‍സ്മാന്‍ ഡേവിഡ് ഡ്യൂക്ക്, വെസ്റ്റ്‌ബോറോ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ഫ്രെഡ് ഫെല്‍പ്‌സ്, പ്രൗഡ് ബോയ്‌സിന്റെ ഗാവിന്‍ മക്ഇന്നസ്, ഇംഗ്ലീഷ് ഡിഫന്‍സ് ലീഗിലെ ടോമി റോബിന്‍സണ്‍ എന്നിവരുള്‍പ്പെടെ വിദ്വേഷ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സമകാലികരായ ആളുകളും ഉള്‍പ്പെടുന്നുണ്ട്.

ഇന്ത്യയില്‍ നിന്നും 10 ഗ്രൂപ്പുകള്‍ പട്ടികയിലുണ്ട്. ഹിന്ദുത്വ ഗ്രൂപ്പായ സനാതന്‍ സന്‍സ്ത, നിരോധിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്), നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് (ഇസക്-മുയിവാ), ഓള്‍ ത്രിപുര ടൈഗര്‍ ഫോഴ്‌സ്, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്, പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കംഗ്ലീപാക്ക്, ഇന്ത്യന്‍ മുജാഹിദ്ദീന്‍, ജെയ്ഷെ മുഹമ്മദിന്റെ അഫ്സല്‍ ഗുരു സ്‌ക്വാഡ്, ഇസ്ലാമിക് സ്റ്റേറ്റ്, താലിബാന്‍ തുടങ്ങിയ ആഗോള സംഘടനകളുടെ വിവിധ പ്രാദേശിക ഗ്രൂപ്പുകള്‍ എന്നിവയെയാണ് ഇന്ത്യയില്‍ നിന്നും പട്ടികപ്പെടുത്തിയിരിക്കുന്നത്. 

ജൂണ്‍ അവസാനത്തില്‍ ഫേസ്ബുക്ക് അവതരിപ്പിച്ച നിയമങ്ങള്‍ അനുസരിച്ച് പട്ടികയിലുള്ളവരെ ടയര്‍ 1,2,3 എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. 250 ഓളം വൈറ്റ് സുപ്രീമിസ്റ്റ് സംഘടനകള്‍ ഉള്‍പ്പെടെ 500 ഓളം വിദ്വേഷ ഗ്രൂപ്പുകളാണ് ടയര്‍ ഒന്നിലുള്ളത്. ഭീകരതയെ ഉത്തേജിപ്പിക്കുന്ന ഗ്രൂപ്പുകളെന്നാണ് ഫേസ്ബുക്ക് ഇവരെ വിശേഷിപ്പിക്കുന്നത്. സിവിലിയന്‍മാര്‍ക്കും സംരക്ഷിത സ്വഭാവ സവിശേഷതകളുള്ള ആളുകള്‍ക്കുമെതിരെ അക്രമം നടത്തുകയോ അതിന് വേണ്ടി വാദിക്കുകയോ ചെയ്യുന്നവരാണ് ഇക്കൂട്ടര്‍.

ടയര്‍ ഒന്നിലെ കുറ്റവാളികളില്‍ കൂടുതലും കറുത്ത വര്‍ഗക്കാരും ലാറ്റിനമേരിക്കന്‍ തെരുവ് സംഘങ്ങളും മയക്കുമരുന്ന് കാര്‍ട്ടലുകളുമാണ്. തീവ്രവാദികളായി ലിസ്റ്റ് ചെയ്തിരിക്കുന്നത് പ്രധാനമായും മിഡില്‍ ഈസ്റ്റേണ്‍, സൗത്ത് ഏഷ്യന്‍ ഗ്രൂപ്പുകളെയും വ്യക്തികളെയുമാണ്. ടയര്‍ ഒന്നില്‍ പെട്ട ആളുകളുടെ ഏത് പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്നതില്‍ നിന്നും പ്രശംസിക്കുന്നതില്‍ നിന്നും ഉപയോക്താക്കളെ ഫേസ്ബുക്ക് വിലക്കുന്നുണ്ട്.

ടയര്‍ രണ്ടില്‍ ഫേസ്ബുക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത് ഭരണകൂടങ്ങളെ ലക്ഷ്യമിടുന്ന അക്രമാസക്തരായ സായുധ വിമത സംഘടനകളെയാണ്. നിലവില്‍ സിറിയയില്‍ ആഭ്യന്തര യുദ്ധം നടത്തുന്ന പല വിഭാഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഗ്രൂപ്പുകളുടെയും ആളുകളുടെയും അഹിംസാത്മക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പ്രസ്താവനകള്‍ നടത്താന്‍ ഫേസ്ബുക്കിന്റെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ടെങ്കിലും, നിങ്ങള്‍ക്ക് അത്തരം ഗ്രൂപ്പുകള്‍ക്ക് കാര്യമായ പിന്തുണ നല്‍കാനാവില്ല.

ടയര്‍ മൂന്നില്‍ വിദ്വേഷ പോസ്റ്റുകള്‍ പതിവായി പങ്കുവെക്കുന്ന നിലവില്‍ ആക്രമകാരികളല്ലാത്ത ഗ്രൂപ്പുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവര്‍ ഉടന്‍ തന്നെ അക്രമാസക്തമാകാന്‍ സാധ്യതയുള്ളവരും ഫേസ്ബുക്കിന്റെ നയങ്ങള്‍ ലംഘിക്കുന്ന ആളുകളുമാണ്. കുപ്രസിദ്ധനായ അമേരിക്കന്‍ നാസി റിച്ചാര്‍ഡ് സ്‌പെന്‍സറെ ഈ നിരയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ക്ക് ടയര്‍ മൂന്നിലുള്ള ആരുമായും എന്തും ചര്‍ച്ച ചെയ്യാന്‍ അനുവാദമുണ്ട്.

അമേരിക്കയിലെ ഭരണകൂട വിരുദ്ധ തീവ്ര വലതുപക്ഷ പൗരസേനയാണ് ഫേസ്ബുക്ക് മൂന്നാം നിരയില്‍ കാര്യമായി ഉള്‍പ്പെടുത്തിയത്. പട്ടികയിലുള്ള 53 ശതമാനത്തിലധികം പേരെയും 'ഭീകരവാദം' ആയി കണക്കാക്കപ്പെടുന്നു, 23 ശതമാനം പേര്‍ 'സൈനികവല്‍ക്കരിക്കപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങള്‍' എന്ന വിഭാഗത്തിലാണ്, 17 ശതമാനം വിദ്വേഷ ഗ്രൂപ്പുകളെ പ്രതിനിധീകരിക്കുന്നു.

അതേസമയം, പ്ലാറ്റ്‌ഫോമിലുള്ള ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ ഫേസ്ബുക്ക് പക്ഷപാതിത്വം കാണിക്കുന്നതായുള്ള പൊതുജന ആശങ്കകള്‍ കാരണമാണ് തങ്ങള്‍ പട്ടിക പ്രസിദ്ധീകരിച്ചതെന്ന് ഇന്റര്‍സെപ്റ്റ് അവകാശപ്പെട്ടു. അതിലൂടെ ഇക്കാര്യത്തിലുള്ള ഫേസ്ബുക്കിന്റെ മധ്യസ്ഥതയുടെ ഗുണനിലവാരത്തെക്കുറിച്ച് വായനക്കാര്‍ക്ക് സ്വന്തം നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തതും പാര്‍ശ്വവത്കരിക്കപ്പെട്ടതുമായ ഗ്രൂപ്പുകളെ യാതൊരു മാനദണ്ഡവുമില്ലാതെ സെന്‍സര്‍ ചെയ്യുന്ന അമേരിക്കയുടെ വിദേശ നയത്തിന്റെ നേര്‍ക്കാഴ്ച്ചയാണ് ഫേസ്ബുക്ക് തയ്യാറാക്കിയ ലിസ്‌റ്റെന്നും അത് പൊതുജനങ്ങള്‍ കാണേണ്ടതുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top