News Desk

2021-03-12 07:24:11 pm IST

തിരുവനന്തപുരം: മതിയായ യോഗ്യതകളില്ലാതെ രോഗികള്‍ക്ക് ചികിത്സ നല്‍കുന്ന യുവതി അറസ്റ്റില്‍. മടത്തറ ഡീസന്റ്മുക്ക് ഹിസാന മന്‍സിലില്‍ സോഫി മോള്‍ (43) ആണ് അറസ്റ്റിലായത്.

വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയില്‍ നീലേശ്വരം, മടിക്കൈ തുടങ്ങിയ സ്ഥലത്ത് താമസിച്ച് ഭര്‍ത്താവുമൊത്ത് ഇവര്‍ ചികിത്സ നടത്തിവരികയായിരുന്നെന്നും ഇപ്പോള്‍ ഭര്‍ത്താവുമായി പിണങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വന്തമായി ചികിത്സ നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.

സോഫിയ റാവുത്തര്‍ എന്ന പേരിലും വൈദ്യ ഫിയ റാവുത്തര്‍ തലശ്ശേരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് മുഖേനയുമാണ് ഇവര്‍ ചികിത്സക്കായി ആളുകളെ സംഘടിപ്പിച്ചിരുന്നത്.

ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ സിസ്റ്റം പ്രാക്ടീസ് ചെയ്യുന്നതിന് തമിഴ്‌നാട്ടിലെ ഒരുസ്ഥാപനം നല്‍കിയ സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമിയുടെ കളരിമര്‍മ ഗുരുകുലത്തിന്റെ സര്‍ട്ടിഫിക്കറ്റും ഉപയോഗിച്ചാണ് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇവര്‍ ചികിത്സിച്ചിരുന്നത്.

ചികിത്സക്കായി ആളുകളില്‍ നിന്ന് അമിത ഫീസും ഈടാക്കിയിരുന്നു. ഡോ. സോഫി മോള്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മടത്തറയിലുള്ള സ്ഥാപനത്തില്‍ ഇവര്‍ ചികില്‍സ നടത്തുന്നതായ പരസ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി പി.കെ മധുവിന്റെ നിര്‍ദേശപ്രകാരം നെടുമങ്ങാട് ഡിവൈ.എസ്.പി ജെ. ഉമേഷിന്റെ മേല്‍നോട്ടത്തിലുള്ള സംഘം രണ്ട് ദിവസം നീരീക്ഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top