News Desk

2022-01-24 11:07:39 pm IST
തേഞ്ഞിപ്പലം: ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ നിന്നെന്ന വ്യാജേന വിളിച്ച് മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്യിപ്പിച്ച് 80000-ത്തോളം രൂപ തട്ടിയെടുത്തു. റിട്ടയേഡ് പ്രഫസറുടെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നാണ് ഇത്തരത്തില്‍ 80,496 രൂപ തട്ടിയെടുത്തത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു വിരമിച്ച അധ്യാപകനാണ് പണം നഷ്ടപ്പെട്ടതെന്ന് മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

നെറ്റ്വര്‍ക് തകരാറിനെത്തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ കസ്റ്റമര്‍ കെയറില്‍ വിളിച്ച് പ്രശ്‌നം പരിഹരിച്ച് മണിക്കൂറുകള്‍ക്കകം ബി.എസ്.എന്‍.എലില്‍ നിന്നെന്നു പറഞ്ഞ് ഒരാള്‍ വിളിക്കുകയായിരുന്നു. ബി.എസ്.എന്‍.എല്‍ സേവനം തൃപ്തികരമല്ലേയെന്നും മറ്റു പ്രശ്‌നങ്ങളൊന്നും ഇല്ലല്ലോയെന്നും ചോദിച്ചാണ് സംഭാഷണം തുടങ്ങിയത്. പിന്നീട് എനി ഡെസക് ആപ് ഡൗണ്‍ലോഡ് ചെയ്യാനും നിര്‍ദേശിച്ചു. 

അങ്ങനെ ചെയ്തതില്‍ പിന്നെ നാല് ഘട്ടങ്ങളിലായി മൊബൈല്‍ ഫോണ്‍ സ്‌ക്രീനില്‍ ഓപ്ഷനുകള്‍ തെളിഞ്ഞു. അത് വായിച്ച് തുടങ്ങുമ്പോഴേക്കും അടുത്ത ഓപ്ഷന്‍ തെളിയുകയായിരുന്നു. ഒട്ടും സാവകാശം ഇല്ലാതെയാണ് നാല് തവണയും ഓപ്ഷന്‍ വന്നത്. തുടര്‍ന്ന് ഫോണിലെ എസ.എം.എസ് പരിശോധിച്ചപ്പോഴാണ് നാല് ഘട്ടങ്ങളിലായി പണം നഷ്ടപ്പെട്ടത് ബോധ്യമായത്. ആദ്യ രണ്ടു തവണ 9,500 രൂപ വീതവും മൂന്നാം തവണ 20,600 രൂപയും ഒടുവില്‍ 40,896 രൂപയും നഷ്ടപ്പെട്ടു. ബാങ്ക് അധികൃതര്‍ക്കും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top