News Desk

2021-03-16 12:19:53 pm IST
അബുദാബി: വ്യാജ സൈറ്റിലൂടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പുമായി അധികൃതര്‍. ലാഭം നോക്കി സീറ്റ് ബുക്ക് ചെയ്ത് പണം നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് അധികൃതരുടെ ആവര്‍ത്തിച്ചുള്ള ജാഗ്രതാ നിര്‍ദേശം.

ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുക്കുന്നവര്‍ ബന്ധപ്പെട്ട എയര്‍ലൈനിന്റെയോ അല്ലെങ്കില്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളുടെയോ വെബ്‌സൈറ്റ് തന്നെ ഉപയോഗിക്കണം. കഴിയുമെങ്കില്‍ നേരിട്ടു തന്നെ ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.

വ്യക്തിയുടെ അറിവോ സമ്മതമോ ഇല്ലാതെ ടിക്കറ്റ് റീഫണ്ടാക്കുകയാണു വ്യാജ സൈറ്റുകാര്‍ ചെയ്യുക. ഇക്കാര്യം ചെക്ക് ഇന്‍ കൗണ്ടര്‍ ഉദ്യോഗ്‌സഥര്‍ പറയുമ്പോഴാവും യാത്രക്കാരന്‍ അറിയുക. പ്രാദേശിക ഓഫിസോ മറ്റോ ഇല്ലാത്ത വെബ്‌സൈറ്റുകള്‍ക്കെതിരെ നിയമനടപടി എടുക്കാനും സാധിക്കാതെ വരുന്നു. 

ചിലര്‍ക്ക് വന്‍ തുക നല്‍കി അവസാന നിമിഷം വിമാനത്താവളത്തില്‍നിന്നു ടിക്കറ്റെടുത്ത് യാത്ര ചെയ്യേണ്ടി വരുന്നു. ഓണ്‍ലൈന്‍ വഴി ടിക്കറ്റെടുത്ത പലര്‍ക്കും ഇങ്ങനെ വിമാനത്താവളത്തില്‍നിന്നു മടങ്ങേണ്ടി വന്നിട്ടുണ്ട്. ഇവര്‍ പിന്നീട് എയര്‍ലൈനുകളുടെ പ്രാദേശിക ഓഫിസിനെ സമീപിച്ചാലും ഇടപാട് വെബ്‌സൈറ്റുമായതിനാല്‍ ഫലമുണ്ടാകില്ല.

ലാഭം നോക്കി അപരിചിത വെബ്‌സൈറ്റില്‍ ക്രെഡിറ്റ് കാര്‍ഡ് നമ്പറും ഒ.ടി.പിയും നല്‍കി ടിക്കറ്റെടുക്കുമ്പോള്‍ സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റിലെ ഇടപാടുകളിലൂടെ ക്രെഡിറ്റ് കാര്‍ഡ് ഹാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്.

അംഗീകാരമില്ലാത്ത ട്രാവല്‍സുകളും പണം ഈടാക്കി മുങ്ങിയ ഉദാഹരണങ്ങള്‍ ഉണ്ട്. ഓണ്‍ലൈനിലെ നിരക്കു നോക്കി ട്രാവല്‍ഏജന്‍സികളോട് വിലപേശി വില കുറച്ച് ടിക്കറ്റെടുക്കുന്നവരുമുണ്ട്. ഏതു സ്ഥാപനമാണെങ്കിലും വിശ്വാസ്യ യോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ ഇടപാട് നടത്താവൂ.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top