News Desk

2021-03-10 08:51:05 pm IST

ന്യൂഡല്‍ഹി: മാര്‍ച്ച് 26-ന് ഭരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. കാര്‍ഷിക നിമയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന സമരം നാല് മാസം പൂര്‍ത്തിയാകുന്ന ദിവസമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 

വിവിധ കര്‍ഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു കൂടി കര്‍ഷക സമരം വ്യാപിപ്പിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് രാജ്യവ്യാപകമായി ബന്ദ് നടത്താനുള്ള തീരുമാനമെന്നാണ് സൂചന. 

പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലെ സമരസ്ഥലങ്ങളിലേയ്ക്ക് മടങ്ങിവരുമെന്നും സംഘടനകള്‍ പറയുന്നു.

മാര്‍ച്ച് 15-ന് ഇന്ധനവില വര്‍ധനക്കെതിരെയും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ചില വ്യാപാര സംഘടനകള്‍ പ്രതിഷേധത്തിന് പിന്തുണയറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. 

ആവശ്യമെങ്കില്‍ ഇനിയും ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഒരു ലക്ഷം ട്രാക്ടറുകള്‍ അണിനിരത്തി പാര്‍ലമെന്റിലേക്ക് റാലി നടത്താന്‍ മടിക്കില്ലെന്ന് കര്‍ഷക സംഘടന നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുംവരെ സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. 2020 ഡിസംബര്‍ എട്ടിന് കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇടതു പാര്‍ട്ടികള്‍, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികള്‍ ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം, കഴിഞ്ഞ ദിവസമാണ് കര്‍ഷക സമരം 100 ദിവസം പിന്നിട്ടത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top