News Desk

2021-03-08 02:21:42 pm IST
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള സമരം തുടരുന്നതിനിടെ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. രാജ്ബിര്‍ (49) എന്നയാളെയാണു ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ തിക്രിയില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെ, മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  

തന്റെ മരണത്തിനു കാരണം കര്‍ഷക നിയമങ്ങളാണെന്നും ഇതു പിന്‍വലിച്ചു കേന്ദ്രം തന്റെ അന്ത്യാഭിലാഷം നിറവേറ്റുമെന്നു കരുതുന്നതായും എഴുതിയ ആത്മഹത്യാക്കുറിപ്പും ഇയാളില്‍ നിന്നും കണ്ടെടുത്തു.

ഹിസാര്‍ സ്വദേശിയായ രാജ്ബിര്‍ കര്‍ഷക സമരത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം, കഴിഞ്ഞ മാസവും സമാന സാഹചര്യത്തില്‍ തിക്രിക്കടുത്ത് ഹരിയാനയിലെ തന്നെ ജിന്ദില്‍ നിന്നുള്ള കര്‍ഷകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. 

നേരത്തെ, തിക്രിയിലെ സമരവേദിക്കരികില്‍ ഒരാള്‍ വിഷം കുടിക്കുകയും ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണമടയുകയും ചെയ്തു. ഡിസംബറില്‍ പഞ്ചാബില്‍ നിന്നുള്ള അഭിഭാഷകന്‍, സിഖ് മതപ്രഭാഷകന്‍ എന്നിവരും സമരവുമായി ബന്ധപ്പെട്ടു ജീവനൊടുക്കി. ഇതുവരെ 249 പേര്‍ മരിച്ചിട്ടുണ്ടെന്നാണു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ കണക്ക്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top