News Desk

2021-03-31 09:11:46 pm IST
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന ആയിരക്കണക്കിന് കര്‍ഷകര്‍ അവരുടെ സമരം വീണ്ടും ശക്തമാക്കാനൊരുങ്ങുന്നു. സംയുക്ത കര്‍ഷക സംഘടനകള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. നാലു മാസം സമരം ചെയ്തിട്ടും സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാവാത്തത് കൊണ്ടാണ് കര്‍ഷക കൂട്ടായ്മ സമരം വീണ്ടും ശക്തമാക്കാന്‍ തീരുമാനിച്ചത്. 

മെയ് ആദ്യവാരം മുതലാണ് മാര്‍ച്ച്.ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ആരംഭിക്കുന്ന കാല്‍നട മാര്‍ച്ച് പാര്‍ലമെന്റിലേക്ക് എത്തി ചേരുകയാണ് ചെയ്യുകയെന്ന് സംയുക്ത കര്‍ഷക മോര്‍ച്ച അറിയിച്ചു.

പാര്‍ലമെന്റ് മാര്‍ച്ചില്‍ കര്‍ഷകരെ കൂടാതെ തൊഴിലാളികളും സ്ത്രീകളും ദളിത്-ആദിവാസി സംഘടന പ്രവര്‍ത്തകരും, തൊഴില്‍ രഹിതരായ യുവാക്കളും അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അണിനിരക്കുമെന്ന് കര്‍ഷക കൂട്ടായ്മ അറിയിച്ചു. തികച്ചും സമാധാനപരമായിരിക്കും മാര്‍ച്ച് എന്നും സംഘാടകര്‍ അറിയിച്ചു. 2020 നവംബര്‍ 26നാണ് ദല്‍ഹി അതിര്‍ത്തിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം തുടങ്ങിയത്. നേരത്തെ മാര്‍ച്ച് 26 ന് ഭാരത് ബന്ദ് കര്‍ഷകര്‍ നടത്തിയിരുന്നു.






Top