News Desk

2021-04-17 03:08:40 pm IST
ദോഹ: വിഷാദവും കോപവും നിയന്ത്രിക്കുന്നതിനും ആത്മസംയമനവും ക്ഷമയും ശക്തിപ്പെടുത്താനും റമദാന്‍ മാസത്തിലെ വ്രതം ഫലപ്രദമാണെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്. എം.സി) ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സൈക്കോളജിക്കല്‍ സര്‍വ്വീസ് യൂണിറ്റ് ഡെപ്യൂട്ടി മേധാവിയുമായ അമീറ അല്‍ ഇഷാഖ്.

വിഷാദവും ഏകാന്തതയും അനുഭവിക്കുന്നവര്‍ക്ക് നോമ്പെടുക്കുന്നതിന്റെ ആനുകൂല്യങ്ങള്‍ ഏറെയാണ്.  വ്രതത്തില്‍ ഏര്‍പ്പെടുന്നത് കുടുംബങ്ങളെയും സാമൂഹിക കൂട്ടായ്മകളെയും കൂടുതലായി അടുപ്പിക്കും. ഇത് വിഷാദം, ഉല്‍കണ്ഠ എന്നിവ നേരിടാന്‍ സഹായിക്കും. പല മാനസികാരോഗ്യ രോഗങ്ങളുടെയും ലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള സ്വാഭാവിക മാര്‍ഗമാണ്  വ്രതമെടുക്കല്‍. പുകവലി പോലുള്ള അനാരോഗ്യകരമായ ശീലങ്ങളെ തകര്‍ക്കാനും ആരോഗ്യകരമായ പുതിയ ശീലങ്ങള്‍ സ്ഥാപിക്കാനും റമദാന്‍ മികച്ച സമയമാണെന്ന് അമീറ പറഞ്ഞു. 

 വ്രതവും അതിനൊപ്പമുള്ള ആത്മീയതയും ദൈനംദിന ജീവിതത്തിലെ പല സമ്മര്‍ദ്ദങ്ങളെയും നേരിടാന്‍ സഹായിക്കും. പെട്ടെന്ന് തന്നെ ദേഷ്യം വരുന്ന വ്യക്തികളില്‍ ആത്മസംയമനം വര്‍ധിപ്പിക്കാനും കോപം നിയന്ത്രിക്കാനും നോമ്പെടുക്കുന്നത് സഹായിക്കുമെന്നും അവര്‍ പറഞ്ഞു. 

ഉപവാസവും താറാവീഹ് പോലുള്ള പ്രാര്‍ത്ഥനകളും പരസ്പരമുള്ള ആശയവിനിമയത്തെയും സാമൂഹ്യ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കും. പല വ്യക്തികള്‍ക്കും പ്രാര്‍ത്ഥനകള്‍ ശാന്തമായ ഫലം നല്‍കും. കുടുംബ കലഹം, അനിയന്ത്രിതമായ ദേഷ്യം, ഉല്‍കണ്ഠ എന്നിവ ദീര്‍ഘകാല ശാരീരിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. രക്തസമ്മര്‍ദ്ദം ഉയരാനും ഹൃദയമിടിപ്പ് കൂട്ടാനും രക്തക്കുഴലുകള്‍ സങ്കോചിക്കാനും രക്തം കട്ടപിടിക്കാനും വരെ ഇത് കാരണമായേക്കുമെന്നും അല്‍ ഇഷാഖ് പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top