News Desk

2021-04-01 09:07:07 pm IST
ഫ്‌ളോറിഡ: ശരിയായ രീതിയാല്‍ ആഹാരവും പോഷണവും ലഭിക്കാതെ ജീവന്‍ നഷ്ടമായ പതിമൂന്ന് മാസം പ്രയാമുളള കുട്ടിയുടെ മരണത്തില്‍ പിതാവിനും 23 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പതിമൂന്ന് മാസം പ്രായമുള്ള ടെയ്‌ലിയാണ്  പോഷകാഹാരം ലഭിക്കാതെ മരിച്ചത്. പിതാവ് അലജാന്‍ഡ്രൊ അലക്‌സ് അല്‍മാനാണു (43) തടവ് ശിക്ഷ ലഭിച്ചത്. 

ടെയ്‌ലി മരിച്ചത് മാതാപിതാക്കളുടെ വീഴ്ച മൂലമാണെന്ന് നേരത്തെ കണ്ടെത്തുകയും അമ്മയെ കഴിഞ്ഞ ഒക്ടോബറില്‍ 23 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തിരുന്നു. കുട്ടി മരിച്ചത് ശരിയായ ആഹാരവും പോഷണവും ലഭിക്കാത്തതിനാലാണെന്ന് കോടതി കണ്ടെത്തി. 13ാം മാസത്തില്‍ ശരാശരി 20 പൗണ്ട് തൂക്കം ഉണ്ടാകേണ്ട കുട്ടിക്ക് ഏഴ് പൗണ്ട് തൂക്കമാണ് ഉണ്ടായിരുന്നത്. വൃത്തിഹീനമായ സാഹചര്യത്തിലാണു കുട്ടി വളര്‍ന്നതെന്നും കോടതി കണ്ടെത്തി.

2016 ഏപ്രില്‍ ഒന്നിനാണ് ടെയ്‌ലി വീട്ടില്‍ മരിച്ചത്. ടെയ്‌ലിയെ കൂടാതെ 8 മുതല്‍ 14 വയസ്സുവരെ പ്രായമുള്ള ഒന്‍പതു കുട്ടികളുമായാണ് മാതാപിതാക്കള്‍ ചെറിയ വീട്ടില്‍ കഴിഞ്ഞിരുന്നത്. കുട്ടികളുടെ ശരീരം പോഷകാഹാര കുറവ് മൂലം ശോഷിച്ചതായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ഇതിനെ തുടര്‍ന്നു കുട്ടികളെ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഡിപ്പാര്‍ട്ട്‌മെന്റ് ഏറ്റെടുത്തു. 

ഡ്രൈവറായ പിതാവിന്റെ വിചാരണയ്ക്കിടെ ഇയാള്‍ കുറ്റം സമ്മതിക്കുകയും മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. പാംബീച്ച് കൗണ്ടി പ്രോസിക്യൂട്ടര്‍ വധശിക്ഷ നല്‍കണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കുറ്റസമ്മതം നടത്തിയതോടെ ശിക്ഷ 23 വര്‍ഷമാക്കി കുറയ്ക്കുകയായിരുന്നു. 2016 മുതല്‍ ജയിലില്‍ കഴിഞ്ഞകാലം ശിക്ഷയായി പരിഗണിക്കുമെന്നും  കോടതി വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top