വി.പി റജീന

2020-08-14 07:24:07 pm IST


കഴിഞ്ഞ ദിവസം ലോകം ഒരു വാര്‍ത്ത കേട്ടു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രായേലുമായി യു.എ.ഇ നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങുന്നു എന്ന്. ഇതില്‍ അത്ഭുതപ്പെടുന്നവരുണ്ടാവും. ഒരു മുസ്‌ലിം രാഷ്ട്രം അതും ആഗോള മുസ്‌ലിംങ്ങള്‍ ബഹുമാനിക്കുന്ന,  കാരുണ്യവാന്‍മാരായ ഭരണാധികാരികള്‍ ഉള്ള മുസ്‌ലിം രാഷ്ട്രം അങ്ങനെ ചെയ്യുമോ എന്ന്. അത്ഭുതപ്പെടാനൊന്നുമില്ല. ഇതുവരെ പരോക്ഷമായി ചെയ്തത് ഇനി പരസ്യമായി ചെയ്യാന്‍ അവര്‍ തയ്യാറാവുന്നു എന്ന് മാത്രമേയുള്ളൂ. 

സൂക്ഷിച്ചുനോക്കിയാല്‍ ആഗോളതലത്തില്‍ കൃത്യമായ നവ മുതലാളിത്ത ചേരിയുടെ അച്ചുതണ്ട് യു.എസ്+ ഇസ്രായേല്‍+ സൗദി+ദുബൈ+ഇന്ത്യ... ആണെന്ന് തെളിഞ്ഞുവരും. സൗദിയും യു.എ.ഇയും ഉര്‍ദുഗാനുമൊക്കെ ഈ ചേരിയില്‍ ഇത്രകാലം മറഞ്ഞിരുന്നായിരുന്നു കളിച്ചത്. ഇപ്പോള്‍ അവര്‍ക്ക് അതിന്റെ ആവശ്യമില്ല. അന്തര്‍ദേശീയ നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറിയ യു.എസിനെ പിന്തുണച്ച് ഇസ്രായേലിനൊപ്പം ചിരിച്ച് നേരത്തെ തന്നെ തോളില്‍ കയ്യിട്ടുനില്‍ക്കുന്നുണ്ട് സൗദി. 

സ്വന്തം ഭൂമിയില്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് പറഞ്ഞ് ഇസ്രായേലിന്റെ അധിനിവേശത്തെ പച്ചക്ക് പിന്താങ്ങിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അവരുടെ കണ്ണിലുണ്ണിയായത് എല്ലാവരും കണ്ടതാണല്ലോ. യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റുക വരെ ചെയ്തില്ലേ. ട്രംപിനും ഇസ്രായേലിന്റെ ക്രൂരമായ അധിനിവേശത്തിനുമെതിരെ പ്രതിഷേധിക്കുന്ന ആ മണ്ണിന്റെ മക്കളുടെ നെഞ്ചിന്‍കൂട്ടിലേക്ക് വെടിയുണ്ട പായിച്ച് ഇസ്രായേല്‍ ക്രൂരമായി ആനന്ദിക്കുന്ന അതേ സമയത്തുതന്നെ. 

ഈ വിനോദത്തിലും 'ഇസ്ലാമിക രാഷ്ട്രമായ' സൗദിയുടെ സ്ഥാനം കൃത്യമാണ്. അവര്‍ക്കെന്ത് ഫലസ്തീന്‍ എന്ത് 'വിശ്വാസ സാഹോദര്യം'
ഇസ്ലാമിക ചരിത്രങ്ങള്‍ ഉറങ്ങുന്ന യമനെ ബോംബ് വര്‍ഷത്തിലൂടെ തകര്‍ത്ത് തരിപ്പണമാക്കിക്കളഞ്ഞില്ലേ. ഒരു ദശകത്തോളം നീണ്ടുനിന്ന ഭിന്നതക്കൊടുവില്‍ ഫലസ്തീനില്‍ ഹമാസും ഫതഹും ഒന്നിച്ചപ്പോള്‍ മുസ്‌ലിംലോകം സന്തോഷിച്ചു. എന്നിട്ടെന്ത് കാര്യം ജീവസാന്നിധ്യം പോലും അസാധ്യമായ പ്രേതഭൂമിയായി മാറിക്കഴിഞ്ഞിരുന്നല്ലോ അപ്പോഴേക്കും ഇസ്രായേല്‍ ആക്രമണത്തില്‍ ഗസ്സാ മുനമ്പ്. 

എന്തായിരുന്നു അവിടെ സൗദിയുടെ റോള്‍? ഗസ്സയിലെ കുരുന്നുകള്‍ അടക്കമുള്ളവരുടെ കൂട്ടക്കുരുതികളില്‍ മുതലക്കണ്ണീര്‍ ഒഴുക്കുകയായിരുന്നില്ലേ, അപ്പോള്‍ പറഞ്ഞു വരുന്നതിതാണ്. പ്രബല മതങ്ങളുടെ കേന്ദ്ര സ്ഥാനങ്ങള്‍ ആയി പൊതുവില്‍ ഗണിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെയെല്ലാം ഭരണകൂടങ്ങള്‍ അധിനിവേശ രാഷ്ട്രീയത്തിലും മുതലാളിത്ത തന്ത്രങ്ങളിലും ഗാഢമായി. ഐക്യപ്പെട്ടിരിക്കുന്നു. ഈ ഐക്യപ്പെടല്‍ വളരെ ആസൂത്രിതവും ബോധപൂര്‍വവുമായ പ്രക്രിയയുടെ ഭാഗമാണ്. ആ ചേരി അനുദിനം ശക്തിപ്പെടുകയാണ്. ഇപ്പോള്‍ അതിലേക്ക് യു.എ.ഇ.യില്‍ നിന്ന് ശൈഖും റഷ്യയില്‍ നിന്ന് പുടിനും തുര്‍ക്കിയില്‍ നിന്ന് ഉര്‍ദുഗാനും ചൈനയില്‍ നിന്ന് ഷി ജിന്‍പിങ്ങുമൊക്കെ ചേക്കേറിക്കഴിഞ്ഞു. 

നിര്‍ഭാഗ്യവശാല്‍, ഈ നായകരുടെയൊക്കെ തനി നിറം ഏറ്റവും അവസാനം തിരിച്ചറിയുന്നവരായിരിക്കും ആഗോള മുസ്‌ലിം ജനത. 
നോക്കൂ, മതങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യങ്ങളുടെ ഭരണകൂടങ്ങള്‍ക്കിടയില്‍, രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ ഭിന്നതകള്‍ ഉണ്ടാവുന്നില്ല. നെതന്യാഹുവും ട്രംപും മുഹമ്മദ് ബിന്‍ സല്‍മാനും മോദിയും ഒറ്റക്കെട്ടാണ്. അതേസമയം,  ഭിന്നതകളും കലഹങ്ങളും താഴേത്തട്ടിലാണ്. അണികള്‍ക്കിടയില്‍ ആണ്. നേതാക്കളുടെ ഐക്യം പോലെ ബോധപൂര്‍വം സൃഷ്ടിക്കപ്പെടുന്നതാണ് അണികള്‍ക്കിടയിലെ അനൈക്യവും. ഈ ഭിന്നതാ നിര്‍മാണ പ്രക്രിയകളില്‍ മുഖ്യ പങ്കുവഹിക്കുന്നവരാണ് പുരോഹിതന്‍മാരും അവര്‍ നേതൃത്വം കൊടുക്കുന്ന മത സംഘടനകളും.

പ്രബല ഭരണകൂടങ്ങളുടെ എല്ലാതരം അധിനിവേശ രാഷ്ട്രീയത്തിനുമുള്ള സമ്മതികള്‍ നിര്‍മിച്ചു കൊടുക്കാന്‍ ക്വട്ടേഷന്‍ എടുക്കലാണ് ഇവരുടെ പണി. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അധികാരി വര്‍ഗത്തിനനുകൂലമായി പുരോഹിതന്‍മാര്‍ ചരിത്രത്തെ വളച്ചൊടിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഈ പുരോഹിതന്‍മാര്‍ വ്യാഖ്യാനിക്കുമ്പോള്‍ മാത്രമാണ് പ്രസ്തുത മതഗ്രന്ഥങ്ങള്‍ 'ദൈവീക'മാവുന്നത്. അവരുടെ വാക്കുകള്‍ ആണ് പ്രമാണ ബദ്ധമാവുന്നത്. അപ്പോള്‍ നീതിയുടെ പക്ഷത്ത്, മനുഷ്യ പക്ഷത്ത് നില്‍ക്കേണ്ട വേദ ദര്‍ശനങ്ങള്‍ക്കു പകരം ലോകം കാണുന്നതും കേള്‍ക്കുന്നതും മറ്റൊന്നാവുന്നു. അങ്ങനെ വ്യാഖ്യാനിക്കപ്പെടുന്ന ഗ്രന്ഥങ്ങള്‍ മാനവികതയുടെ എതിര്‍ ചേരിയില്‍ നില്‍ക്കുക സ്വാഭാവികം.

ജ്ഞാനത്തിന്റെ സ്വച്ഛവും സ്വതന്ത്രവുമായ വിഹാരങ്ങളെയും ഇടപെടലുകളെയും മത പൗരോഹിത്യം ഭയക്കുന്നു. ഇവര്‍ ആര്‍ക്കുവേണ്ടിയാണോ പണിയെടുക്കുന്നത് ആ കേന്ദ്രങ്ങള്‍ അതിലേറെ ഭയക്കുന്നു. നുണകള്‍ രാഷ്ട്രീയക്കാര്‍ പറയുന്നതിനു മുമ്പേ പറഞ്ഞു തുടങ്ങിയവരാണ് പുരോഹിതന്‍മാര്‍. നേരായ അറിവിനുമേല്‍കൂടി നുണകളുടെ കോട്ടകള്‍ക്ക് അവര്‍ അസ്ഥിവാരമിട്ടുകൊടുത്തു. പുരോഹിതന്‍മാര്‍ പറഞ്ഞ ബ്രഹ്മാണ്ഡ നുണകള്‍ ആണ് വേദങ്ങളെ ഉദ്ദരിച്ച്‌കൊണ്ട് അധികാര കോട്ടകളില്‍ ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നവര്‍ക്ക് എക്കാലവും തുണയായിട്ടുള്ളത്. ഈ നുണകള്‍ക്കുമേല്‍ അവര്‍ രാഷ്ട്രീയ നുണകള്‍ കെട്ടിപ്പൊക്കും. 

രാഷ്ട്രീയ നുണക്കള്‍ക്കെതിരില്‍ പോരാടുന്നതിനേക്കാന്‍ ഭയാനകമാണ് പൗരോഹിത്യ നുണകളെ എതിരിടുക എന്നത്. അതിന്റെ പ്രത്യാഘാതം കൂടുതല്‍ കടുപ്പമേറിയതാവും. പൗരോഹിത്യ മതങ്ങള്‍ / നുണകള്‍ പൊളിയാതിരിക്കുക എന്നത് മുതലാളിത്ത ഭരണകൂടങ്ങളുടെ ഏറ്റവും വലിയ ആവശ്യമാണിന്ന്. തങ്ങളുടെ വിഭവ കൊള്ളയുടെയും കച്ചവടത്തിന്റെയും ഗ്രാഫ് കുത്തനെ തന്നെ ഉയര്‍ത്തി നിര്‍ത്തുന്നതിന് വേണ്ടി. അതുകൊണ്ട് പൗരോഹിത്യ മതങ്ങളും തീവ്രമുതലാളിത്ത ചേരിയും കൂടുതല്‍ ശക്തമായി ആലിംഗനം ചെയ്യുന്നത് നമുക്ക് കാണേണ്ടിവരുന്നു. ഒരേ നാണയത്തിന്റെ ഇരുപുറങ്ങളായി അവ ഒരേ ദിശയില്‍ സഞ്ചരിക്കുന്നു. 

എന്തിനാണ് പല രാജ്യങ്ങളുടെയും തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് രാഷ്ട്രീയ നായകര്‍ പരസ്പരം സന്ദര്‍ശിക്കുകയും കെട്ടിപ്പുണരുകയും ചെയ്യുന്നത് അത് കേവലം നയതന്ത്രപരമാണോ രണ്ട് രാജ്യത്തെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ചത് മറന്നുപോയോ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ അങ്ങനെയൊരു ചോദ്യം ഉന്നയിക്കാത്തത് 2017ല്‍ മോദി ഇസ്രായേല്‍ സന്ദര്‍ശിച്ച് നടത്തിയ ക്ഷണം സ്വീകരിച്ച് 2018 ജനുവരിയില്‍ നെതന്യാഹു ഇന്ത്യയിലെത്തിയിരുന്നു. ജൂത രാഷ്ട്രം  സന്ദര്‍ശിക്കുന്ന പ്രഥമ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു നരേന്ദ്ര മോദി. 

ഫലസ്തീന്‍ വിഷയത്തില്‍ അടക്കം നേരത്തെ അന്തര്‍ദേശീയ സമൂഹം കുറ്റപ്പെടുത്തുന്ന ഒരു രാജ്യത്തിന്റെ ക്ലോസ് ദോസ്തായി മാറി അങ്ങനെ മോദി. ഇന്ത്യന്‍ ആഭ്യന്തര സുരക്ഷ ഇസ്രായേലിന് പൂര്‍ണമായി (കുറെയൊക്കെ ഇതിനകം നടന്നു കഴിഞ്ഞതാണ്) തീറെഴുതിക്കൊടുത്താലും അതിലൊട്ടും അല്‍ഭുതപ്പെടാനില്ല. അല്ലെങ്കിലും എല്ലാം നടന്ന് കഴിഞ്ഞതിനുശേഷം ഒച്ചപ്പാടുണ്ടാക്കാനല്ലേ നമുക്കറിയൂ. നിഗൂഢവും ജനവിരുദ്ധവുമായ അജണ്ടകളോടെ പ്രവര്‍ത്തിക്കുന്ന തീവ്ര വലതുപക്ഷ കോര്‍പറേറ്റ് ഭരണാധികളെ നമ്മളിനിയും വേണ്ടവിധത്തില്‍ തിരിച്ചറിഞ്ഞിട്ടില്ല. 

തിരശ്ശീലക്ക് പിന്നില്‍ നടക്കുന്ന കളികള്‍ അറിവില്ലാത്തവര്‍ കരുതുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തമായ സംഘമാണ് യഥാര്‍ഥത്തില്‍ ലോകം നിയന്ത്രിക്കുന്നതെന്ന് പറഞ്ഞത് ബ്രിട്ടീഷ് രാഷ്ട്രീയ നേതാവായ ബെഞ്ചമിന്‍ ഡിസ്രയേലിയാണ്. ഈ സംഘത്തെ തിരിച്ചറിഞ്ഞുകൊണ്ട് ഇവര്‍ പടുത്തുയര്‍ത്തിയ രാവണന്‍ കോട്ടകളില്‍ നിന്ന് മനുഷ്യരാശിയെയും ഭൂമിയെയും വിമോചിപ്പിക്കാനുള്ള ആഗോള സ്വാതന്ത്ര പോരാട്ടത്തിന് മത രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി പുതിയ മാനവിക ചേരി രൂപപ്പെടാത്തപക്ഷം ലോകജനതയില്‍ നല്ലൊരു ശതമാനം ഇനിയും കുറേയേറെ തീ തിന്നേണ്ടിവരും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

ALSO WATCH 

Top