News Desk

2021-03-22 12:37:35 pm IST
പൂച്ചാക്കല്‍: വിവാഹം നടക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് പ്രതിശ്രുത വരന്‍ ചേര്‍ത്തല പാണാവള്ളി പഞ്ചായത്ത് 10ാം വാര്‍ഡ് ചിറയില്‍ അലിയാരുടെ മകന്‍ ജസീമിനെ (28) കാണാതായി. ഇതോടെ ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി. അരൂക്കുറ്റി വടുതല സ്വദേശിനിയുമായി ഉറപ്പിച്ച വിവാഹമാണ് മുടങ്ങിയത്.

കല്യാണത്തലേന്ന് സുഹൃത്തിന്റെ വീട്ടില്‍ ഉറങ്ങിയ ശേഷം രാവിലെ വീട്ടില്‍ എത്തി ബൈക്കില്‍ സാധനങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് പുറത്ത് പോയതാണ്. പിന്നീട് യുവാവ് വീട്ടില്‍ തിരിച്ചെത്തിയില്ല.

ഇതിനിടെ രാവിലെ ഒമ്പതോടെ ജസീമിന്റെ വോയ്‌സ് മെസേജ് അയല്‍വാസിക്ക് ലഭിച്ചു. 'എന്നെ കുറച്ചുപേര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. നിങ്ങള്‍ പൊലീസില്‍ വിവരം അറിയിക്കണ'മെന്നായിരുന്നു സന്ദേശം.

ബന്ധുക്കള്‍ പൂച്ചാക്കല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് വധുവിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി.

യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് സൈബര്‍ സെല്‍ മുഖേന അന്വേഷണം ഊര്‍ജിതമാക്കി. ഇലക്ട്രീഷ്യന്‍ ആയി ജോലി ചെയ്യുകയായിരുന്നു ജസീം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top