News Desk

2021-03-20 05:11:31 pm IST
ദോഹ: അറബ് കപ്പ് ഖത്തര്‍ 2021ന് ഫിഫ കൗണ്‍സില്‍ ഔദ്യോഗികമായി അംഗീകാരം നല്‍കി. ഫിഫ ലോക കപ്പ് 2022ന്റെ മുന്നോടിയായി അറബ് കപ്പ് ഖത്തര്‍ 2021 ഡിസംബര്‍ ഒന്ന് മുതല്‍ 18 വരെ ദോഹയില്‍ സംഘടിപ്പിക്കുവാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചിലെ ആസ്ഥാനത്ത് നടന്ന 15-ാമത് യോഗത്തില്‍ ഫിഫ കൗണ്‍സില്‍ തീരുമാനിച്ചതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഈ വര്‍ഷം ഡിസംബറില്‍ ഖത്തറില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ലക്ഷ്യം പ്രധാന കായിക വിനോദങ്ങള്‍ക്ക് പ്രത്യേകിച്ച് 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ സന്നദ്ധതയും തയ്യാറെടുപ്പുകളും നിര്‍ണ്ണയിക്കുകയാണെന്ന് ഫിഫ കൗണ്‍സില്‍ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ഇന്‍ഫാന്റിനോ പറഞ്ഞു.

2022 ലോകകപ്പ് സംഘടിപ്പിക്കുന്നതിനു ഖത്തര്‍ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചും അദേഹം പ്രശംസിച്ചു. ഇവന്റിന് രണ്ട് വര്‍ഷം മുമ്പ് സ്റ്റേഡിയങ്ങള്‍ തയ്യാറായി കാണുന്നത് ഇതാദ്യമാണെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിലെ എട്ടു സ്റ്റേഡിയങ്ങളും ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അറബ് ഫുട്ബോള്‍ കഴിവുകളുടെ ആഘോഷമായാണ് ഫിഫ കൗണ്‍സില്‍ ചാമ്പ്യന്‍ഷിപ്പിന് അംഗീകാരം നല്‍കിയതെന്നും ഇതിലൂടെ അറബ് ഫുട്ബോളിലേക്ക് ലോകശ്രദ്ധ ആകര്‍ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ ടൂര്‍ണമെന്റിന്റെ മത്സരങ്ങള്‍ ലോകകപ്പ് സ്റ്റേഡിയങ്ങളിലാണ് നടക്കുക. 22 അറബ് ടീമുകളില്‍ 16 എണ്ണമാണ് അറബ് കപ്പില്‍ പങ്കെടുക്കുക.

  
ഫോട്ടോ: കടപ്പാട് ദ പെനിന്‍സുല



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top