News Desk

2021-02-20 01:09:40 pm IST
പാലക്കാട്: തികഞ്ഞ സസ്യാഹാരിയാണ് താനെന്നും ഇറച്ചി കഴിക്കുന്നവരെ ഇഷ്ടമല്ലെന്നും ഡെല്‍ഹി മെട്രോ മുന്‍ എം.ഡി ഇ ശ്രീധരന്‍. ബി.ജെ.പി പ്രവേശനവുമായി ബന്ധപ്പെട്ട് എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വ്യക്തിപരമായി താന്‍ വളരെ നിഷ്ഠയുള്ള സസ്യാഹാരിയാണ്. മുട്ട പോലും കഴിക്കാറില്ല. ഇറച്ചി കഴിക്കുന്നവരെ തീര്‍ച്ചയായും ഇഷ്ടമല്ല. ലവ് ജിഹാദ് കേരളത്തില്‍ സംഭവിക്കുന്നത് താന്‍ കാണുന്നുണ്ട്. ഹിന്ദുക്കളെ തന്ത്രത്തില്‍ വീഴ്ത്തി വിവാഹം കഴിക്കുന്നത് എങ്ങനെയെന്നും അവര്‍ അനുഭവിക്കുന്നത് എങ്ങനെയെന്നും... ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലിം, ക്രിസ്ത്യന്‍ പെണ്‍കുട്ടികളും തന്ത്രപരമായി വിവാഹം ചെയ്യപ്പെടുന്നുണ്ട്. അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പ്രൊഫഷണല്‍ ഉത്തരവാദിത്വങ്ങള്‍ അവസാനിച്ചു. അതു കൊണ്ടാണ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത്. കേരളത്തില്‍ ബി.ജെ.പിയുടെ പരിമിതിയെ കുറിച്ച് ബോധവാനാണ്. കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും അവര്‍ പ്രകടമായ ഒരു വികസനവും കൊണ്ടു വന്നിട്ടില്ല. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഒരു വലിയ വ്യവസായം പോലും കേരളത്തില്‍ വന്നിട്ടില്ല. അഴിമതിയും കൂടുതലാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

കേരളത്തില്‍ ബി.ജെ.പിക്ക് ഒരു എം.എല്‍.എ ആണ് ഉള്ളത്. എന്നാല്‍ കേരളത്തില്‍ ബി.ജെ.പിയുടെ പ്രതിച്ഛായ നന്നാക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. ബി.ജെ.പി അഴിമതിരഹിതമായ, കഠിനാധ്വാനികളുടെ പാര്‍ട്ടിയാണ്. മോദിയുമായി മാത്രമല്ല, മുന്‍ പ്രധാനമന്ത്രി വാജ്പേയിയുമായും തനിക്ക് നല്ല ബന്ധമുണ്ട്. വാജ്പേയി ടിക്കറ്റെടുത്താണ് മെട്രോയില്‍ സഞ്ചരിച്ചത്. ബി.ജെ.പിയെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കുകയാണ്. അത് വര്‍ഗീയ കക്ഷിയല്ല. ദേശസ്നേഹികളുടെ പാര്‍ട്ടിയാണത്. എല്ലാ സമുദായങ്ങളും തുല്യമാണ് എന്നാണ് മോദി സര്‍ക്കാറിന്റെ മനോഭാവം. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ താനതു കേട്ടിട്ടുണ്ട്. മോദി ഏതെങ്കിലും മതത്തെ ആക്രമിച്ചിട്ടില്ലെന്നും ശ്രീധരന്‍ വിശദീകരിച്ചു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top