News Desk

2021-05-02 07:38:08 pm IST

തിരുവനന്തപുരം: കേരളത്തില്‍ വലിയ വിജയം സ്വന്തമാക്കി തുടര്‍ഭരണം ഉറപ്പിച്ച പിണറായി വിജയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ച് തമിഴ് നടന്‍ സിദ്ധാര്‍ത്ഥ്. 'അടിച്ചു പൊളിച്ചു കേരളം' എന്നു ട്വീറ്റ് ചെയ്താണ് സിദ്ധാര്‍ത്ഥ് എല്‍.ഡി.എഫ് വിജയത്തില്‍ സന്തോഷം അറിയിച്ചിരിക്കുന്നത്. 

'പിണറായി വിജയന്‍' എന്ന് എഴുതിയായിരുന്നു സിദ്ധാര്‍ത്ഥിന്റെ ആദ്യ ട്വീറ്റ്. എന്നാല്‍ ഇതിലെ അക്ഷരത്തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ പിണറായിയുടെ സ്‌പെല്ലിങ്ങൊക്കെ എനിക്കറിയാം മക്കളേ എന്നെഴുതിയായിരുന്നു അഭിനന്ദനമറിയിച്ചത്. 



അതേസമയം, ബി.ജെ.പിയെ സംപൂജ്യരാക്കിയ നടപടിയെ പ്രശംസിച്ച് ഫുട്‌ബോള്‍ താരം സി.കെ വിനീതും രംഗത്തെത്തി. ബി.ജെ.പിക്ക് നിലവിലുണ്ടായിരുന്ന ഒരേയൊരു നിയമസഭാ മണ്ഡലവും ഈ തെരഞ്ഞെടുപ്പില്‍ ജനം തിരിച്ചെടുത്തിരുന്നു. ഈ നടപടിയെയാണ് വിനീത് പ്രശംസിച്ചത്. 

'അങ്ങനെ ആ അക്കൗണ്ടും പൂട്ടിക്കെട്ടി. കേരളം അതിന്റെ വഴികാണിച്ചു. ഇത് ഇന്ത്യക്ക് പഠിക്കാനുള്ള സമയമാണ്', എന്നാണ് വിനീത് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

2016-ലെ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നേമം മണ്ഡലത്തിലാണ് കേരളത്തില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നത്. 8671 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഒ രാജഗോപാല്‍ നേമത്ത് നിന്നും വിജയിച്ചത്. മുന്‍ എം.എല്‍.എ കൂടിയായ എല്‍.ഡി.എഫിന്റെ വി. ശിവന്‍കുട്ടിയെ ആണ് രാജഗോപാല്‍ തോല്‍പ്പിച്ചത്. ശിവന്‍കുട്ടിക്ക് 59,142 വോട്ടുകളാണ് ലഭിച്ചത്. 

ഇത്തവണ വി. ശിവന്‍കുട്ടിയിലൂടെ തന്നെയാണ് നഷ്ടപ്പെട്ട നേമം മണ്ഡലം എല്‍.ഡി.എഫ് തിരിച്ചുപിടിച്ചത്. 5750 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വി. ശിവന്‍കുട്ടി ഇവിടെ വിജയിച്ചത്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തി. അഞ്ച് കൊല്ലം മുമ്പ് ബി.ജെ.പി നേമത്ത് തുറന്ന് അക്കൗണ്ട് പൂട്ടിക്കുമെന്ന് പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top