News Desk

2021-02-25 07:06:19 pm IST

ആലപ്പുഴ: ആലപ്പുഴ വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് എഫ്.ഐ.ആര്‍. കൊലപാതകത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തി. തലയ്ക്ക് കൊടുവാള്‍ കൊണ്ടുവെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്. 

നിര്‍ത്തിയിട്ട കാറില്‍ ആയുധങ്ങള്‍ സജ്ജമാക്കിയിരുന്നുവെന്നും പൊലീസ് എഫ്.ഐ.ആറിലുണ്ട്. ഒന്നാം പ്രതി ഹര്‍ഷാദും രണ്ടാം പ്രതി അഷ്‌കറും ആയുധങ്ങള്‍ കൊലയാളി സംഘത്തിന് കൈമാറിയെന്നും പൊലീസ് പറഞ്ഞു.

കേസില്‍ ആകെ 25 പ്രതികളാണുള്ളത്. 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവില്‍ എട്ടു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകം, ഗൂഢാലോചന അടക്കം 12 വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

സുനീര്‍, അബ്ദുല്‍ ഖാദര്‍, യാസിര്‍, മുഹമ്മദ് അനസ്, റിയാസ്, നിഷാദ്, ഷാജുദ്ദീന്‍, അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഘര്‍ഷത്തില്‍ നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ആക്രമണത്തിന് ഉപയോഗിച്ച മാരകായുധങ്ങള്‍ സംഘര്‍ഷമുണ്ടായ സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ.

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്ണനാണ് (22) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി എട്ടോടെ വയലാര്‍ നാഗംകുളങ്ങര കവലയില്‍ വെച്ചാണ് കൊലപാതകത്തിലേയ്ക്ക് നയിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. 

ഉച്ചയ്ക്ക് എസ്.ഡി.പി.ഐ പ്രചാരണ ജാഥ നടത്തിയിരുന്നു. ഇതിലെ പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായി. വൈകിട്ട് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും പ്രകടനം നടത്തി. പിരിഞ്ഞുപോയ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറും സംഘര്‍ഷവുമുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ബി.ജെ.പി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top