News Desk

2021-04-03 07:19:50 pm IST
മലപ്പുറം: തനിക്കെതിരായി അപവാദ പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന ആരോപണവുമായി തവനൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. ദയവ് ചെയ്ത് ഈ രീതിയില്‍ അക്രമിക്കരുതെന്നും ഫിറോസ് പറഞ്ഞു. ഫേസ്ബുക്ക് ലൈവിലെത്തിയായിരുന്നു ഫിറോസിന്റെ പ്രതികരണം.

തന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമാണെന്നും വളരെ മോശം പ്രവണതയാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്നുണ്ടാകുന്നതെന്നും ഫിറോസ് പറഞ്ഞു. ഒരിക്കലും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 

'പാവപ്പെട്ട രോഗികളേയും ആരാരുമില്ലാത്തവരേയും ചേര്‍ത്ത് പിടിച്ച് പോകുമ്പോള്‍ എനിക്ക് കിട്ടിയ ഒരവസരമായിട്ടാണ് ഞാന്‍ സ്ഥാനാര്‍ഥിത്വത്തെ കണ്ടത്. എന്നാല്‍ ഒരു സ്ഥാനാര്‍ഥി ആയി എന്നതിന്റെ പേരില്‍ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല. എനിക്കും ഒരു ഉമ്മയുണ്ട്, ഭാര്യയുണ്ട്, കുട്ടികളുണ്ട്, ഫിറോസ്'.

ഒന്നുമില്ലെങ്കില്‍ പത്ത് വര്‍ഷം ഈ മണ്ഡലം ഭരിച്ചയാളല്ലേ. ആ നിലക്ക് പറയാനുള്ള വികസന കാര്യങ്ങള്‍ പറയണം. ആശയപരമായിട്ട് ഒന്നും പറയാനില്ലെങ്കില്‍ അത് ഒഴിവാക്കണം. അതല്ലാതെ ഫിറോസ് കുന്നംപറമ്പില്‍ കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയില്‍ പ്രചരണങ്ങള്‍ നടത്തുമ്പോള്‍ എന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ പറ്റുള്ളൂ. ഇതൊക്കെ തവനൂരിലെ ജനങ്ങള്‍ കാണുന്നുണ്ട് എന്നും ഫിറോസ് പറഞ്ഞു.

'മത്സരംരംഗത്തേക്ക് കടന്നുവരുന്നത് വരെ എനിക്കെതിരെ ഒരു ആരോപണവും പരാതിയും ഉണ്ടായിരുന്നില്ല. ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതി, നിങ്ങള്‍ക്കുമുണ്ട് കുടുംബം, നിങ്ങള്‍ക്കുമുണ്ട് ഭാര്യയും മക്കളുമൊക്കെ. അത് കൊണ്ട് ഇത്തരത്തില്‍ ചെയ്യുന്നത് ശരിയല്ല. വലിയ വിഷമത്തോടുകൂടിയാണ് ഞാന്‍ ഈ പറയുന്നത്. എന്റെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്. ദയവുചെയ്ത് ഇങ്ങനെ ആക്രമിക്കരുത്. നിങ്ങള്‍ നിങ്ങളുടെ രാഷ്ട്രീയം പറഞ്ഞോ, ഞങ്ങള്‍ ഞങ്ങളുടെ രാഷ്ട്രീയം പറയും. പക്ഷെ വ്യക്തിപരമായി ആക്രമിക്കരുതെന്ന അപേക്ഷയുണ്ട്, ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top