News Desk

2021-03-07 12:20:08 pm IST

തിരുവനന്തപുരം: തവനൂരില്‍ കെ.ടി ജലീലിനെതിരെ ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസിന്റെ സാധ്യതാ പട്ടികയില്‍ ഫിറോസ് ഇടംപിടിച്ചു. മുതിര്‍ന്ന അംഗം ഫിറോസിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

കൈപ്പത്തി ചിഹ്നത്തില്‍ തന്നെ ഫിറോസിനെ മത്സരിപ്പിക്കാനാണ് തീരുമാനം. മുസ്ലിംലീഗിന്റെ കൂടി താല്‍പ്പര്യം പരിഗണിച്ചാണ് ഫിറോസ് സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയും കെ.പി.സി.സി സെക്രട്ടറി കെപി നൗഷാദലിയും മണ്ഡലത്തിലെ സാധ്യതാ പട്ടികയിലുണ്ട്.

നേരത്തെ, മത്സരിക്കാന്‍ ഫിറോസ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. മന്ത്രി കെ.ടി ജലീലിനെ തന്നെയാണ് എല്‍.ഡി.എഫ് ഇത്തവണയും മത്സരിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ട് തവണ ജലീല്‍ ജയിച്ച മണ്ഡലമാണിത്. 2011-ല്‍ 6854-ഉം 2016-ല്‍ 17064 ആയിരുന്നു ഭൂരിപക്ഷം. നിലവിലെ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് 2011-ലും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഇഫ്തിഖാറുദ്ദീന്‍ 2016-ലും കെ.ടി ജലീലിനോട് പരാജയപ്പെട്ടു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top