News Desk

2021-05-04 09:30:25 pm IST

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീര്‍ത്തിച്ച് തവനൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് കുന്നുംപറമ്പില്‍. വിശക്കുന്നവന് അന്നം കൊടുത്തത് കേരളത്തില്‍ ഇടത് തരംഗത്തിന് കാരണമായി. ഇത് കാണാതെ പോകരുതെന്ന് ഫിറോസ് പറഞ്ഞു. 

യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും ഇടത് മുന്നണി പ്രാധാന്യം നല്‍കി. മന്ത്രിസഭയിലും പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുന്നത് മാതൃകാപരമാണ്. തവനൂരില്‍ ജലീലിനെതിരെ ശക്തമായ വികാരം ഉണ്ടായിരുന്നു. ഇടത് തരംഗത്തില്‍ മാത്രമാണ് ജലീല്‍ ജയിച്ചുകയറിയതെന്നും ഫിറോസ് പറയുന്നു. 

തവനൂര്‍ യു.ഡി.എഫ് എഴുതിത്തള്ളിയ മണ്ഡലമാണ്. കാര്യമായ മുന്നൊരുക്കം ഒന്നും നടത്തിയില്ല. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ വോട്ടുകളാണ് തവനൂരില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതെന്നും ഫിറോസ് കുന്നുംപറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

2564 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജലീല്‍ ഫിറോസിനെ പരാജയപ്പെടുത്തിയത്. 2016-ലെ തെരഞ്ഞെടുപ്പില്‍ 17,000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജലീല്‍ തവനൂരില്‍ നിന്ന് ജയിച്ചു കയറിയത്. 2011-ലാണ് തവനൂര്‍ മണ്ഡലം രൂപീകൃതമാകുന്നത്. ഇതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും കെ.ടി ജലീല്‍ തന്നെയായിരുന്നു തവനൂരിന്റെ സാരഥി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top