News Desk

2020-05-22 10:59:58 pm IST


റിയാദ്: സൗദിയില്‍ അഞ്ച് ദിവസത്തെ ലോക്ഡൗണ്‍ തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം. ഇന്നത്തെ കര്‍ഫ്യൂ ഇളവ് വൈകീട്ട് അഞ്ച് മണിക്ക് അവസാനിച്ചു. ഈ മാസം 27 വരെ 24 മണിക്കൂറാണ് കര്‍ഫ്യൂ. പാസില്ലാതെ പുറത്തിറങ്ങിയാലും കട തുറന്നാലും 10000 റിയാല്‍ പിഴയും ജയില്‍ ശിക്ഷയും നാടു കടത്തലുമാണ് ശിക്ഷ. 

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഇന്ന് മുതല്‍ സൈനിക നിയന്ത്രണത്തിലാണ്. താമസ കേന്ദ്രങ്ങള്‍, പൊതു സ്ഥലങ്ങള്‍, മരുഭൂമിയില്‍ തമ്പടിക്കുന്ന സ്ഥലങ്ങള്‍, ഗ്രാമങ്ങള്‍, അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെല്ലാം പ്രത്യേക പരിശോധനയുണ്ടാകും. വിലക്ക് ലംഘിച്ചാല്‍ അറസ്റ്റ് ചെയ്യും.

അതേസമയം, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഗ്രോസറികള്‍, ഗ്യാസ് സ്റ്റേഷനുകള്‍ എന്നിവക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം. ഇവര്‍ക്ക് ഓണ്‍ലൈന്‍ ഡെലിവറിയും പാര്‍സല്‍ സര്‍വീസുകളും തുടരാം. േെസ്റ്റാറന്റുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ പ്രവര്‍ത്തിക്കാം. പച്ചക്കറി, ഇറച്ചി, അവശ്യ സര്‍വീസുകള്‍, അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് മൂന്ന് വരെ പ്രവര്‍ത്തിക്കാം.

കടകളില്‍ ജോലി ചെയ്യുന്നവരും സ്ഥാപനം തുറക്കുന്നവരും നേരത്തെയുള്ള നിബന്ധനകള്‍ പാലിക്കണം. ബലദിയയില്‍ നിന്നുള്ള പാസ് കരസ്ഥമാക്കിയതിന് ശേഷമേ പ്രവര്‍ത്തിക്കാവൂ. കടകളില്‍ നിന്നും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാണ്.

അടിയന്തിര ആവശ്യങ്ങള്‍ക്ക് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി പാസ് സ്വന്തമാക്കാം. വ്യക്തികളുടെ അബ്ഷീറിലെ യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് തവക്കല്‍നാ ആപ്ലിക്കേഷനില്‍ ലോഗിന്‍ ചെയ്യേണ്ടത്. 

കമ്പനികള്‍ നല്‍കിയ പാസുകള്‍ വാലിഡാണെങ്കില്‍ പച്ച നിറത്തിലുള്ള ക്വു.ആര്‍ കോഡ് അതില്‍ കാണിക്കും. പുറത്തിറങ്ങാനുള്ള സമയവും ഇതില്‍ ലഭ്യമാകും. ചുവപ്പ് നിറത്തിലാണ് ക്വു.ആര്‍ കോഡെങ്കില്‍ പുറത്തിറങ്ങാന്‍ പാടില്ല.

ഇനി അടിയന്തിര ആവശ്യമാണെങ്കില്‍ ആഴ്ചയില്‍ പരമാവധി നാലു മണിക്കൂര്‍ ഉപയോഗിക്കാം. ഒരു ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഉപയോഗിക്കാനാകൂ. ഒരാള്‍ക്ക് മരുന്നോ ഭക്ഷ്യ വസ്തുക്കളോ നല്‍കാന്‍ പരമാവധി മൂന്ന് കി.മീ ദൂരം ഇതുപയോഗിച്ച് സഞ്ചരിക്കാം. 

പോകേണ്ട സ്ഥലവും പുറപ്പെടുന്ന സ്ഥലവും കാണിച്ചു വേണം താല്‍ക്കാലിക പെര്‍മിറ്റ് തവക്കല്‍നാ ആപ്ലിക്കേഷന്‍ വഴി സ്വന്തമാക്കാന്‍. ഇതിനായി അപേക്ഷ നല്‍കാനുള്ള ലിങ്കും തവക്കല്‍നാ ആപ്ലിക്കേഷനില്‍ ലഭ്യമാണ്.

നല്‍കിയ സമയ പരിധിക്കുള്ളില്‍ ആവശ്യം നിര്‍വഹിച്ച് മടങ്ങണം. അപേക്ഷ നല്‍കിയതല്ലാത്ത കാരണത്തിന് പാസ് ഉപയോഗിച്ചാല്‍ പിഴ ഈടാക്കും. ഇതിനാല്‍ തവക്കല്‍നാ പാസുകള്‍ അസ്സലാണെന്ന് സ്വന്തം കമ്പനി മുഖാന്തരം ഉറപ്പ് വരുത്തണം.

അടിയന്തിര ആവശ്യങ്ങള്‍ക്ക് ആശുപത്രികളില്‍ പോകേണ്ടതുണ്ടെങ്കില്‍ 997 എന്ന നമ്പറില്‍ വിളിച്ച് അക്കാര്യം ബോധ്യപ്പെടുത്തണം. ചെറിയ അസുഖങ്ങള്‍ക്ക്  ആംബുലന്‍സ് സേവനം ലഭ്യമാകില്ല. ചെറിയ രോഗങ്ങള്‍ക്ക് സന്നദ്ധ സംഘടനകളുടെ സഹായത്തോടേയോ ഫോണ്‍ വഴിയോ ഡോക്ടര്‍മാരെ ബന്ധപ്പെട്ട് വേണ്ട മരുന്നുകള്‍ കഴിക്കേണ്ടതാണ്. 

ശ്വാസതടസ്സം അടക്കമുള്ള ഗുരുതര രോഗമാണെങ്കില്‍ 937ല്‍ വിളിക്കണം. മലയാളികള്‍ക്കിടയില്‍ പ്രയാസങ്ങള്‍ ലഘൂകരിക്കാന്‍ വിവിധ സന്നദ്ധ സംഘടനകള്‍ വഴിയും നോര്‍ക്ക വഴിയും ഡോക്ടര്‍മാരുടെ സഹായം ലഭ്യമാക്കുന്നുണ്ട്. 

Top