വിയന്ന: ഓസ്ട്രേലിയയിലെ വിക്ടോറിയയ്ക്കു സമീപം ലാന്‍സ്ഫീല്‍ഡിലെ വനമേഖലയില്‍ നിന്നു ബരാക്കിനെ നാട്ടുകാര്‍ കണ്ടെത്തുമ്പോള്‍ ആശ്ചര്യപ്പെട്ടിരുന്നു. ദേഹം മുഴുവന്‍ കട്ടിപിടിച്ച ഭീമന് കമ്പിളി മൂടിയ ഒരു സത്വമായിട്ട് കണ്ടെത്തിയ ബരാക്ക് ഒരു ചെമ്മരിയാടാണെന്ന് ഫോറസ്റ്റ് അധികൃതര്‍ക്ക് പിന്നീടാണ് മനസ്സിലായത്.
ദീര്‍ഘകാലമായി മുറിച്ചു നീക്കാത്തതിനാല്‍ 35 കിലോ കമ്പിളിയാണ് ദേഹത്തു കുന്നുകൂടി വളര്‍ന്നത്. ഈ വലിയ ഭാരം കാരണം നേരെ ചൊവ്വെ ഒന്നു നടക്കാന്‍ പോലുമാകാത്ത സ്ഥിതിയിലായിരുന്നു ബരാക്കിന്. മുഖത്തേക്കും കമ്പിളിരോമം വളര്‍ന്നതിനാല്‍ കാഴ്ചയ്ക്കും തകരാറുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. ഫാമില്‍ വളര്‍ത്തിയിരുന്ന ബരാക്ക് അഞ്ച് വര്‍ഷം മുന്‍പ് അവിടെ നിന്നു ഓടി രക്ഷപ്പെട്ടാണ് കാട്ടിലെത്തിയതെന്നാണു കരുതപ്പെടുന്നു.
ഓസ്ട്രേലിയയിലെ മൃഗസംരക്ഷണ കേന്ദ്രമായ എഡ്ഗാര്‍ സാങ്ച്വറിയിലേക്ക് അധികൃതര്‍ ഇപ്പോള്‍ മാറ്റിയിട്ടുണ്ട് ബരാക്കിനെ. ഒരു മണിക്കൂറോളം ചെലവിട്ടാണ് ശരീരത്തില്‍ നിന്ന് വമ്പിച്ച അളവിലുള്ള കമ്പിളി പ്രത്യേക കത്രിക ഉപയോഗിച്ച് നീക്കം ചെയ്തത്. ജഡപോലെ കട്ടിപിടിച്ചിരുന്ന കമ്പിളിക്കുള്ളില്‍ ചുള്ളിക്കമ്പുകള്‍, മുള്ളുകള്‍, ചെള്ളുകള്‍, പുഴുക്കള്‍, മറ്റു കീടങ്ങള്‍ എന്നിവയൊക്കെയുണ്ടായിരുന്നു. കമ്പിളി നീക്കം ചെയ്തപ്പോള്‍ ഇവയില്‍ പലതും പുറത്തുചാടിയെന്നും അധികൃതര്‍ പറയുന്നു.
കമ്പിളിപ്പുതപ്പ് നീക്കിയതോടെ ബരാക്കിന്റെ തനി സ്വരൂപമാണ് തെളിഞ്ഞു വന്നത്. വമ്പന്‍ മുടിവെട്ടിനു ശേഷം മരുന്നുകള്‍ കലക്കിയ വെള്ളത്തില്‍ ഒരു കുളി കൂടിയായതോടെ ബരാക്ക് ഉഷാറായി മാറുകയായിരുന്നു. എഡ്ഗാര്‍ സാഞ്ച്വറി എന്ന തന്റെ പുതിയ അഭയകേന്ദ്രത്തിലെ മറ്റ് ആടുകള്‍ക്കൊപ്പം വസിക്കുകയാണ് ഈ ചെമ്മരിയാട്. ബരാക്കിന്റെ ദേഹത്തു നിന്നെടുത്ത കമ്പിളി ഉപയോഗിച്ച് ഏകദേശം 62 സ്വെറ്ററുകളുണ്ടാക്കാം, അല്ലെങ്കില്‍ 490 ജോടി സോക്സുകളുണ്ടാക്കാമെന്നും അധികൃതര്‍ പറയുന്നു.