2018-10-25 04:15:28pm IST

തിരുവനന്തപുരം: കേരളം നേരിട്ട് മഹാപ്രളയത്തിൽ  വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള തുകയും കേന്ദ്രവിഹിതവും ചേര്‍ത്ത് നാല് ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.75ശതമാനവും അതിന് മുകളിലും നാശമുണ്ടായ വീടുകളെ പൂര്‍ണമായി തകര്‍ന്നതായാണ് കണക്കാക്കുന്നത്. ഭാഗികമായി തകര്‍ന്ന വീടുകളെ നാലായി തിരിച്ചാണ് നഷ്ടപരിഹാരത്തുക ഉയര്‍ത്തിയത്.  10,000 രൂപ മുതല്‍ രണ്ടര ലക്ഷം വരെയാണ് ലഭിക്കുക. 15 ശതമാനം നാശമുണ്ടായ വീടുകള്‍ക്ക് ഇപ്പോഴത്തെ 4,800 രൂപയ്ക്ക് പകരം 10,000 രൂപ നല്‍കും. 

കേന്ദ്ര മാനദണ്ഡമനുസരിച്ച്‌ പൂര്‍ണമായി തകര്‍ന്ന വീടുകള്‍ക്ക് മലയോരപ്രദേശങ്ങളില്‍ 1,01,900 രൂപയും സമതലപ്രദേശങ്ങളില്‍ 95,100 രൂപയുമാണ് ദുരന്തപ്രതികരണ നിധിയില്‍ നിന്ന് നല്‍കിവരുന്നത്. ഇത് മേഖലാ വ്യത്യാസമൊഴിവാക്കിയാണ് എല്ലാവര്‍ക്കും നാല് ലക്ഷമാക്കുന്നത്. ദുരിതാശ്വാസനിധിയില്‍ നിന്ന് ഇതിനായി മലയോരമേഖലയില്‍ 2,98,100രൂപയും സമതലപ്രദേശങ്ങളില്‍ 3,04,900 രൂപയും ഓരോ വീടിനുമായി നൽകും. വീട്ടുടമകളായ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ ഓണ്‍ലൈനായി ആയിരിക്കും പണം നൽകുന്നത്. ഇത്തരത്തിൽ  മൊത്തം 2.43ലക്ഷം കുടുംബങ്ങള്‍ക്ക് ധനസഹായം പ്രയോജനപ്പെടും.

തകര്‍ന്ന വീടുകള്‍ക്കുള്ള നഷ്ടപരിഹാരം

16- 29 % നാശം- 60,000രൂപ

30- 59 % നാശം- 1.25ലക്ഷം

60- 74 % നാശം- 2.50ലക്ഷം

75 % ത്തിന് മുകളില്‍- 4 ലക്ഷം


Top