News Desk

2020-10-29 04:46:56 pm IST
റിയാദ്: ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കാന്‍ നിര്‍ബന്ധിതനായ പ്രവാസി മലയാളി സൗദിയില്‍ നിയമക്കുരുക്കില്‍പ്പെട്ടു. ഒന്നര വര്‍ഷം മുമ്പ് ഹൗസ് ഡ്രൈവര്‍ വിസയിലെത്തിയ തിരുവനന്തപുരം നെടുമങ്ങാട് താന്നിമൂട് സ്വദേശി സതീന്ദ്രന്‍ (33) ആണ് നിയമക്കുരുക്കില്‍പ്പെട്ട് കോടതി കയറിയിറങ്ങുന്നത്.

സൗദിയില്‍ എത്തിയ അന്നുതന്നെ വാഹനം ഓടിക്കാന്‍ വനിത സ്‌പോണ്‍സര്‍ സതീന്ദ്രനെ നിര്‍ബന്ധിക്കുകയായിരുന്നു. ലൈസന്‍സ് ഇല്ലാതെ താന്‍ വാഹനമോടിക്കില്ലെന്ന് അറിയുന്ന ഭാഷയില്‍ പറഞ്ഞെങ്കിലും സ്‌പോണ്‍സര്‍ വഴങ്ങിയില്ല. ഒടുവില്‍ തൊട്ടടുത്ത വീട്ടിലെ മലയാളിയായ ഡ്രൈവര്‍ മുഖേനെ ഗൗരവം സ്‌പോണ്‍സറെ മറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും എന്തു പ്രശ്‌നം വന്നാലും താന്‍ നോക്കികൊള്ളാമെന്ന് സ്‌പോണ്‍സര്‍ പറയുകയായിരുന്നു.

ഇഖാമ ലഭിച്ചാല്‍ ഉടന്‍ ലൈസന്‍സ് ലഭിക്കുമെന്ന് സ്‌പോണ്‍സര്‍ പറഞ്ഞു പറ്റിക്കുകയായിരുന്നു. അങ്ങനെ ആറ് മാസത്തോളം ലൈസന്‍സ് ഇല്ലാതെ സതീന്ദ്രന്‍ വാഹനമോടിച്ചു. ഈ സമയത്താണ് സതീന്ദ്രന്റെ വാഹനത്തിന് പുറകില്‍ മറ്റൊരു വാഹനം അമിത വേഗതയില്‍ വന്നിടിച്ചു അപകടം സംഭവിക്കുന്നത്.

ട്രാഫിക് പൊലീസും ഇന്‍ഷുറന്‍സ് വിഭാഗവും അപകടസ്ഥലത്ത് എത്തുകയും പിന്നില്‍ വന്നിടിച്ച വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയുമാണ് അപകട കാരണമെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാല്‍ രേഖകള്‍ പരിശോധിക്കുമ്പോള്‍ സതീന്ദ്രന്‍ ലൈസന്‍സ് ഇല്ലാതെയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം സതീന്ദ്രന്റെ പേരില്‍ ചുമത്തുകയായിരുന്നു.

അപകടത്തില്‍പെട്ടതറിഞ്ഞ സ്‌പോണ്‍സര്‍ തന്റെ അറിവില്ലാതെയാണ് വാഹനമോടിച്ചതെന്ന് പറഞ്ഞു കൈയ്യൊഴിയുകയും ചെയ്തു. അതിനെ തുടര്‍ന്ന് കോടതി സതീന്ദ്രനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ ഉത്തരവിറക്കി. 

ഇതിനിടയില്‍ സ്‌പോണ്‍സര്‍ ഹുറൂബാക്കുകയും ചെയ്തു. എന്തു ചെയ്യണമെന്നറിയാതെയായ സതീന്ദ്രന്‍ സഹായത്തിനായി ഗള്‍ഫ് പ്രവാസി മലയാളി ഫെഡറേഷന്‍ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. ഫെഡറേഷന്‍ അംഗം റാഫി പാങ്ങോട് വിഷത്തില്‍ ഇടപെട്ട് നിയമക്കുരുക്കുകള്‍ ഒഴിവാക്കി കിട്ടാന്‍ സതീന്ദ്രനോടൊപ്പം ഉണ്ട്. 





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Top