News Desk

2021-02-27 04:49:36 pm IST
ദുബൈ: യു.എ.ഇയില്‍ സത്യസന്ധതയ്ക്കുള്ള ആദരം നേടി മലയാളി ഡ്രൈവര്‍മാര്‍. മലയാളി ടാക്‌സി ഡ്രൈവര്‍ ഫിറോസ് ചാരുപടിക്കലാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആ.ര്‍.ടി.എ)യുടെ ആദരവിന് അര്‍ഹനായത്.

യാത്രക്കാരി ടാക്‌സിയില്‍ മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ ബാഗ് സുരക്ഷിതമായി തിരിച്ചേല്‍പ്പിച്ചതിനാണ് ഫിറോസിന് അംഗീകാരം ലഭിച്ചത്. അതേസമയം, ഫിറോസിന് പുറമേ ബസ് ഡ്രൈവര്‍മാരായ ഹസന്‍ ഖാന്‍, അസീസ് റഹ്മാന്‍, ഹുസൈന്‍ നാസിര്‍ എന്നീ മൂന്ന് ഡ്രൈവര്‍മാര്‍ക്കും ആദരം ലഭിച്ചു. 

ഇവരെ പ്രശംസാപത്രവും ഉപഹാരവും നല്‍കിയാണ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി(ആ.ര്‍.ടി.എ) ആദരിച്ചത്. വാഹനത്തിന്റെ ടയര്‍ പഞ്ചറായി വഴിയില്‍ നിന്ന യുവതിക്കു സഹായം നല്‍കിയതാണു ബസ് ഡ്രൈവര്‍മാരെ അംഗീകാരത്തിനു തിരഞ്ഞെടുക്കാന്‍ കാരണമെന്നു ചെയര്‍മാന്‍ മത്താര്‍ മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. 

പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രതിദിനം ആയിരക്കണക്കിനു പേര്‍ യാത്ര ചെയ്യുന്നു. ഇവരുടെ വിശ്വാസ്യത വര്‍ധിക്കാന്‍ ഡ്രൈവര്‍മാരുടെ സത്യസന്ധതയും ആത്മാര്‍ഥതയും വഴിയൊരുക്കുമെന്ന് കൂട്ടിച്ചേര്‍ത്തു. 

ചടങ്ങില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട് സി.ഇ.ഒ അഹമദ് ഹാഷിം ബഹ്‌റൂസിയാന്‍, ദുബൈ ടാക്‌സി കോര്‍പറേഷന്‍ സി.ഇ.ഒ മന്‍സൂര്‍ അല്‍ ഫലാസി എന്നിവരും സംബന്ധിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top