News Desk

2021-06-08 06:34:04 pm IST

ദോഹ: ഇറാനിലെ രാഷ്ട്രീയ നേതാവും ലെബനീസ് ഷിയ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ സ്ഥാപകനുമായ അലി അക്ബര്‍ മൊഹ്താഷാമിപൂര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇറാനിയന്‍ ഇസ്ലാമിക വിപ്ലവത്തിന്റെ നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. 74 വയസ്സായിരുന്നു.

40 വര്‍ഷം മുമ്പ് ഷായുടെ സര്‍ക്കാരിനെ അട്ടിമറിച്ച വിപ്ലവത്തിലെ പ്രധാന വ്യക്തിയായിരുന്നു അലി അക്ബര്‍. 1982 മുതല്‍ 1986 വരെ സിറിയയിലെ ഇറാന്‍ അംബാസഡറായും 1985 മുതല്‍ 1989 വരെ ആഭ്യന്തര മന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ സ്ഥാപിക്കുന്നതിലും രൂപീകരിക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

ഡമാസ്‌കസിലെ അംബാസഡറായിരുന്ന സമയത്ത്, അറബ് ലോകത്തെ തന്റെ മുന്‍ അനുഭവവും ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്പറേഷന്‍ (ഐ.ആര്‍.ജി.സി) രൂപീകരിക്കുന്നതിലെ പങ്കും ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെയും ഗാര്‍ഡ് അംഗങ്ങളെയും ലെബനനിലേക്ക് മാറ്റാന്‍ സഹായിച്ചു.

തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ അധിനിവേശം സജീവമായിരുന്നപ്പോള്‍ അലി അക്ബര്‍ ഇറാന്റെ പിന്തുണയോടെ ഹിസ്ബുള്ള സ്ഥാപിച്ചു. 1984-ല്‍ ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ആസൂത്രണം ചെയ്ത് നടത്തിയതാണെന്ന് സംശയിക്കുന്ന കൊലപാതകശ്രമത്തില്‍ അദ്ദേഹത്തിന് ഒരു കൈ നഷ്ടപ്പെട്ടു. പുസ്തകത്തില്‍ ബോംബ് ഒളിപ്പിച്ചായിരുന്നു ആ ശ്രമം. 

അംബാസഡര്‍, ആഭ്യന്തര മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് 1997 മുതല്‍ 1999 വരെ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഖതാമിയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top