News Desk

2021-02-10 11:00:09 am IST
കൊച്ചി: വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. അങ്കമാലിയില്‍ വാലന്റൈന്‍സ് ദിനത്തില്‍ നടത്താനിരുന്ന പരിപാടിക്കായി പണം വാങ്ങിയ ശേഷം പങ്കെടുക്കാതെ വഞ്ചിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യുന്നത്.

പെരുമ്പാവൂര്‍ സ്വദേശിയും പ്രോഗ്രാം കോര്‍ഡിനേറ്ററുമായ ഷിയാസ് ആണ് സണ്ണി ലിയോണിനെതിരെ പരാതി നല്‍കിയിരുന്നത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞ് സണ്ണി ലിയോണ്‍ 29 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നും എന്നാല്‍ ചടങ്ങില്‍ പങ്കെടുത്തില്ലെന്നുമായിരുന്നു പരാതി. വിവിധ ഘട്ടങ്ങളിലായി നടിയുടെ മാനേജര്‍ക്കാണ് പണം നല്‍കിയതെന്നും പരാതിയിലുണ്ടായിരുന്നു.

ബഹ്‌റൈനില്‍ നടത്താനിരുന്ന പരിപാടിക്കായി 19 ലക്ഷം നല്‍കിയിരുന്നെന്ന പരാതിക്കാരന്റെ പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.

പരാതിക്കാരന്‍ ഷിയാസിന്റെ മൊഴി പെരുമ്പാവൂരില്‍നിന്നു എടുത്ത ശേഷമായിരിക്കും ചോദ്യം ചെയ്യല്‍. അടുത്തയാഴ്ച ഇയാളില്‍നിന്ന് മൊഴിയെടുക്കാനാണു ക്രൈംബ്രാഞ്ച് തീരുമാനം. 

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തില്‍ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ മാറിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സജീവിനാണ് ഇനി കേസ് അന്വേഷണത്തിന്റെ ചുമതല.

ഇതിനിടെ വഞ്ചനാക്കേസില്‍ സണ്ണി ലിയോണി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തിലും വിദേശത്തും സ്റ്റേജ് ഷോ നടത്താന്‍ 2016 മുതല്‍ 2019 വരെ 39 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന കേസിലാണ് ജാമ്യം തേടിയിരിക്കുന്നത്. സണ്ണി ലിയോണ്‍, ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍, ജീവനക്കാരന്‍ സുനില്‍ രജനി എന്നിവരാണ് ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.

പണം വാങ്ങി വഞ്ചിച്ചതായി ഷിയാസ് ഡിജിപിക്കു നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഈ മാസം ആദ്യം സണ്ണി ലിയോണിയെ ചോദ്യം ചെയ്തിരുന്നു. കരാര്‍ പ്രകാരം നല്‍കാമെന്നേറ്റ തുക നല്‍കാതെ ഷോയില്‍ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കാന്‍ ശ്രമിച്ചെന്നും വഞ്ചിച്ചെന്നും കാണിച്ചാണ് സണ്ണി ലിയോണി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH 

Top