News Desk

2021-04-04 03:18:50 pm IST
ദോഹ: ഖത്തറില്‍ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യാന്‍ ആവശ്യമായ പി.സി.ആര്‍ പരിശോധന രാജ്യത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നല്‍കുന്നത് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ ഗള്‍ഫ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം. പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ (പി.എച്ച്.സി.സി) ആശുപത്രികളില്‍ ഞായറാഴ്ച മുതല്‍ ഈ പരിശോധന ഉണ്ടാവില്ല. 

ഇതുസംബന്ധിച്ച് അതത് ആശുപത്രികള്‍ക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഖത്തര്‍ റെഡ്ക്രസന്റിന്റെ ഹെല്‍ത്ത് സെന്ററുകളിലും ഈ സേവനം നിര്‍ത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ഇനി മുതല്‍ കൊവിഡ് ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രം പരിശോധന നടത്താനാണ് തീരുമാനം. ഇതോടെ പി.സി.ആര്‍ പരിശോധനക്കായി യാത്രക്കാര്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരും.

500 റിയാല്‍ വരെയാണ് ഇതിനുള്ള ഫീസായി നല്‍കേണ്ടത്. കൊവിഡ് മഹാമാരി സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയ പ്രവാസികള്‍ക്ക് കൂടുതല്‍ തിരിച്ചടിയാണ് ഇതുവഴിയുണ്ടാകുക.

നിലവില്‍ ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്ന എല്ലാവര്‍ക്കും മുന്‍കൂട്ടിയുള്ള കൊവിഡ് പരിശോധന നിര്‍ബന്ധമാണ്.ഖത്തര്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ക്ക് കൊവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന വ്യവസ്ഥ കഴിഞ്ഞ ഫെബ്രുവരി 22 മുതലാണ് പ്രാബല്യത്തില്‍ വന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top