News Desk

2021-02-20 09:23:19 pm IST

റാസല്‍ഖൈമ: 'വാങ്ങാന്‍ കാശില്ലെങ്കില്‍ വിഷമിക്കേണ്ട, നിങ്ങള്‍ക്കാവശ്യമുള്ളത് എടുക്കുക', റാസല്‍ഖൈമയിലെ വ്യാപാര സ്ഥാപനങ്ങളിലെ കാഴ്ചയാണിത്. ബേക്കറികള്‍, റസ്റ്ററന്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മറ്റു ഭക്ഷ്യസാധന വിതര കടകള്‍ എന്നിവിടങ്ങളിലെല്ലാം ഇങ്ങനെയൊരു ബോര്‍ഡും പ്രവാസികളുടെ പ്രധാന ഭക്ഷണമായ ഖുബ്ബൂസുകളുടെ പായ്ക്കറ്റുകളും മറ്റു ഭക്ഷണങ്ങളും കാണാം. 

പണമില്ലാത്തതു കൊണ്ട് ഭക്ഷണം കഴിക്കാന്‍ സാധിക്കാത്തവരെ ലക്ഷ്യം വെച്ചാണ് ഇത്തരമൊരു സംരംഭം. പനമില്ലത്തവര്‍ക്ക് ഇതില്‍ നിന്നും ആവശ്യമുള്ളത് എടുക്കാം. കുടുംബത്തിലും താമസയിടത്തും ഭക്ഷണത്തിനു പ്രയാസപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടിയുള്ള ഭക്ഷണവും ഇവിടെ നിന്നെടുക്കാം. 

ഭക്ഷ്യസാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ഒന്നോ രണ്ടോ പായ്ക്കറ്റുകള്‍ അധികം വാങ്ങി നിശ്ചിത പെട്ടികളില്‍ വെക്കുകയാണ് ചെയ്യുന്നത്. വ്യാപാര സ്ഥാപനങ്ങള്‍ ഇതിനായി പ്രത്യേകം ഇടമൊരുക്കിയിട്ടുണ്ട്. 'ഫ്രീ റൊട്ടി' എന്നു പ്രത്യേകം എഴുതി വെച്ചിട്ടുണ്ട് ഇവിടെ. 

കൊവിഡ് മൂലം പലരും സാമ്പത്തിക്ക ഞെരുക്കത്തിലാണ്. ഇവര്‍ക്ക് കൈത്താങ്ങായാണ് ഈ പദ്ധതിയെന്ന് എമിറേറ്റിലെ ഒരു ബേക്കറി ജീവനക്കാരന്‍ ത്വാരിഖ് അബ്ദുല്ല പറഞ്ഞു. 

അതേസമയം, കൊവിഡ് കാലത്ത് കടയില്‍ വന്ന് സൗജന്യ ഭക്ഷണം വാങ്ങാന്‍ മടിയുള്ളവര്‍ക്ക് വീടുകളിലേക്ക് സൗജന്യമായി പല റസ്റ്റോറന്റുകളും ഭക്ഷണമെത്തിച്ചിരുന്നു. ഭക്ഷണം കേടാകാതിരിക്കാന്‍ ഫ്രിഡ്ജുകള്‍ സജ്ജീകരിച്ച സ്ഥാപനങ്ങളുമുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top