News Desk

2021-06-06 05:23:56 pm IST
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ വീണ്ടും സര്‍വീസ് ആരംഭിച്ച് എയര്‍ ഇന്ത്യ. ഒക്‌ടോബര്‍ 31 വരെയുള്ള വന്ദേഭാരത് സര്‍വീസുകളാണ് പ്രഖ്യാപിച്ചത്. സൗദി അറേബ്യ, സിങ്കപ്പുര്‍, ഇസ്രായേല്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, ഇറ്റലി എന്നിവിടങ്ങളില്‍നിന്നാണ് സര്‍വീസ് നടത്തുന്നത്.

ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ തിരികെ എത്തിക്കാനാണ് ഇപ്പോള്‍ പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളുടെ തീയതി, സമയം, പുറപ്പെടല്‍, വരവ് എന്നിവയടങ്ങിയ പട്ടിക എയര്‍ ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. അതേസമയം, വിമാനങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരാമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിയവരെ തിരികെ എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് സര്‍വീസ് ആരംഭിച്ചത്. സിവില്‍ ഏവിയേഷന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 8.9 ദശലക്ഷം ഇന്ത്യന്‍ പൗരന്മാരെ വിദേശത്തുനിന്ന് ഇതുവരെ തിരിച്ചെത്തിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top