News Desk

2021-03-10 08:16:57 pm IST

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ച് കോണ്‍ഗ്രസിന്റെയും മുസ്ലീം ലീഗിന്റെയും മുന്‍ഭാരവാഹികളും. കെ.പി.സി.സി മുന്‍ സെക്രട്ടറി മുതല്‍ മുസ്ലീം ലീഗിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വരെ സി.പി.ഐ.എം സ്ഥാനാര്‍ഥികളായിട്ടുണ്ട്. 

കെ.പി.സി.സി മുന്‍ സെക്രട്ടറിയും നഗരസഭാ കൗണ്‍സിലറുമായിരുന്ന എം.എസ് വിശ്വനാഥനാണ് സുല്‍ത്താന്‍ ബത്തേരിയില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥി. ദിവസങ്ങള്‍ക്ക് മുമ്പാണ് വിശ്വനാഥന്‍ കോണ്‍ഗ്രസ് വിട്ടത്. കുറുമ സമുദായക്കാരനാണ് വിശ്വനാഥന്‍. 

സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള ബത്തേരി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി തന്നെ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സിറ്റിങ് എം.എല്‍.എ ഐ.സി ബാലകൃഷ്ണന് തന്നെ സീറ്റ് നല്‍കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ തുടര്‍ന്നായിരുന്നു വിശ്വനാഥന്റെ രാജി. 

കുന്നത്തുനാട്ടില്‍ സി.പി.ഐ.എം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ള പി.വി ശ്രീനിജന്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകനും കൂടിയാണ് ശ്രീനിജന്‍.

ആലുവയില്‍ സ്ഥാനാര്‍ഥിയായിട്ടുള്ള ഷെല്‍ന നിഷാദ് ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത യു.ഡി.എഫ് എം.എല്‍.എയായ കെ. മുഹമ്മദാലിയുടെ മരുമകളാണ് .

വണ്ടൂരിലെ സി.പി.ഐ.എം സ്ഥാനാര്‍ഥി പി. മിഥുന മുസ്ലീം ലീഗിന്റെ മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായിട്ടാണ് മിഥുന പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു. 

പ്രസിഡന്റ് സ്ഥാനം പട്ടികജാതി-വനിതാ സംവരണമായതോടെയാണ് മിഥുനയെ ലീഗ് തിരഞ്ഞെടുത്തത്. 2015-ല്‍ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന റെക്കോര്‍ഡും മിഥുനക്കുണ്ടായിരുന്നു.

മലപ്പുറത്തെ മറ്റൊരു മണ്ഡലമായ പെരിന്തല്‍മണ്ണയില്‍ സി.പി.ഐ.എം സ്വതന്ത്രനായിട്ട് മത്സരിക്കുന്നത് കെ.പി മുഹമ്മദ് മുസ്തഫയാണ്. മുസ്ലീം ലീഗ് നേതാവായിരുന്ന മുഹമ്മദ് മുസ്തഫ മലപ്പുറം മുനിസിപ്പല്‍ മുന്‍ ചെയര്‍മാനാണ്.

മലപ്പുറത്തെ ഇടത് സിറ്റിങ് എം.എല്‍എമാരായ വി.അബ്ദുറഹിമാന്‍, പി.വി അന്‍വര്‍, കെ.ടി ജലീല്‍ എന്നിവരും ലീഗ്-കോണ്‍ഗ്രസ് പശ്ചാത്തല രാഷ്ട്രീയമുള്ളവരാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top