News Desk

2021-05-31 02:00:26 pm IST
കൊച്ചി: രാജ്യത്ത് കൊവിഡ് പ്രതിസന്ധി കാലത്ത് ഇന്ധനവില കുതിച്ചുയരുന്നു. ഇന്ന് പെട്രോള്‍ ലിറ്ററിന് 29 പൈസയും, ഡീസലിന് 28 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 96 കടന്നു. രാജ്യത്ത് ഈ മാസം പതിനാറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്.

മെയില്‍ മാത്രം പെട്രോളിന് മൂന്ന് രൂപ 47 പൈസയും, ഡീസലിന് നാല് രൂപ 23 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 96 കടന്നു. ലിറ്ററിന് 96 രൂപ 26 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 91 രൂപ 50 പൈസയും. ചരിത്രത്തിലാദ്യമായിട്ടാണ് സംസ്ഥാനത്ത് പെട്രോള്‍ വില ഇത്രയും ഉയരുന്നത്. കൊച്ചിയില്‍ പെട്രോളിന് 94 രൂപ 33 പൈസയാണ് വില. ഡീസലിന് 89 രൂപ 74 പൈസയും.

മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ തുടര്‍ച്ചയായുള്ള വില വര്‍ദ്ധനവിന് ശമനമുണ്ടായിരുന്നു. എന്നാല്‍ ഫല പ്രഖ്യാപനത്തിന് ശേഷം ഈ മാസം മാത്രം 16 തവണയാണ് വില കൂട്ടിയത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും 100 കടന്ന പെട്രോള്‍ വില കേരളത്തിലും സെഞ്ചുറിയിലേക്ക് അടുക്കുകയാണ്. മഹാരാഷ്ട്രയില്‍ ആഴ്ച്ചകള്‍ക്ക് മുന്‍പ് തന്നെ പെട്രോള്‍ വില സെഞ്ചുറി കടന്നിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ധനവില ഉയര്‍ത്താതിരിക്കുകയും ഫലപ്രഖ്യാപനത്തിന് ശേഷം വില ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ തന്ത്രമാണെന്ന് നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

പല സംസ്ഥാനങ്ങളിലും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ ഇന്ധന വില വര്‍ധനവ് ജനങ്ങള്‍ക്ക് താങ്ങാവുന്നതിനും അപ്പുറത്താണ്. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ വിലയും ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top