News Desk

2021-05-11 05:56:29 pm IST

ആലപ്പുഴ: കെ.ആര്‍ ഗൗരിയമ്മ എന്ന വിപ്ലവ നായിക ഇനി ഓര്‍മ. ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. രാഷ്ട്രീയ, സാമൂഹിക, സംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് അവസാനമായി ഗൗരിയമ്മയെ കാണാനായി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. 

മുന്‍ ഭര്‍ത്താവ് ടി.വി തോമസിന്റെ ശവകുടീരത്തിന് സമീപത്തുതന്നെയാണ് ഗൗരിയമ്മയ്ക്കും അന്ത്യനിദ്രയ്ക്കുള്ള സ്ഥലമൊരുക്കിയത്. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് ഗൗരിയമ്മയുടെ മൃതദേഹം ആലപ്പുഴയിലെത്തിച്ചത്.  വീട്ടിലും സ്‌കൂളിലും മൃതദേഹം അല്‍പനേരം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 

അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ രാവിലെ ഏഴ് മണിക്കായിരുന്നു ഗൗരിയമ്മയുടെ അന്ത്യം. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വീരവനിതയാണ് കെ.ആര്‍ ഗൗരി. പകരം വെക്കാനില്ലാത്ത ഐതിഹാസിക ജീവിതം.

ഗൗരിയമ്മക്ക് ആദരമര്‍പ്പിക്കാനായി അയ്യന്‍കാളി ഹാളിലെ ചടങ്ങിനായി കൊവിഡ് പ്രോട്ടോക്കോളില്‍ മാറ്റം വരുത്തി. 300 പേര്‍ക്ക് പങ്കെടുക്കാനായിരുന്നു അനുമതി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ അയ്യങ്കാളി ഹാളില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു. എ. വിജയരാഘവനും എം.എ ബേബിയും ചേര്‍ന്ന് ഗൗരിയമ്മയുടെ മൃതദേഹത്തില്‍ ചെങ്കൊടി പുതപ്പിച്ചു.

ബന്ധുക്കള്‍ക്കൊപ്പം താമസിക്കണമെന്ന ആഗ്രഹവുമായി വിഷുക്കാലത്താണ് ചാത്തനാട്ടെ വീട്ടില്‍ നിന്നും കെ.ആര്‍ ഗൗരിയമ്മ തലസ്ഥാനത്തെക്കെത്തിയത്. ഏപ്രില്‍ 22 മുതല്‍ പനിയും ശ്വാസതടസ്സങ്ങളുമായി ആശുപത്രിയില്‍. ഇടക്ക് തീവ്രപരിചരണവിഭാഗത്തില്‍ നിന്നും മുറിയിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം അണുബാധ വീണ്ടും കലശലായതോടെ വീണ്ടും സ്ഥിതി ഗുരുതരമായി. ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് മരണം.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 


Top