News Desk

2022-05-17 03:50:01 pm IST
ദോഹ: കുവൈത്തില്‍ നടക്കുന്ന മൂന്നാമത് ജി.സി.സി ഗെയിംസില്‍ ഖത്തര്‍ കായിക താരങ്ങള്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഖത്തറിന്റെ ഏഷ്യന്‍ ഗെയിംസ് വെള്ളിമെഡല്‍ ജേതാവ് ടോസിന്‍ ഒഗുനോഡെ 10.05 സെക്കന്‍ഡില്‍ സ്വര്‍ണം സ്വന്തമാക്കി. 

ഈ ഇനത്തില്‍ സൗദി അറേബ്യയുടെ അബ്ദുല്ല അബ്കര്‍ വെള്ളിയും ഒമാന്റെ ബറകത് അല്‍ ഹര്‍ത്തി വെങ്കലവും നേടി.
പുരുഷന്മാരുടെ 400 മീറ്ററില്‍ 45.76 സെക്കന്‍ഡില്‍ ഓടിയെത്തി അമ്മാര്‍ ഇബ്രാഹിമാണ് ഖത്തറിന് വേണ്ടി അടുത്ത സ്വര്‍ണം നേടിയത്.

ജി.സി.സി ഗെയിംസില്‍ വനിതകളുടെ പോള്‍വോള്‍ട്ടില്‍ 3.40 മീറ്റര്‍ ചാടി ബാര്‍ ക്ലിയര്‍ ചെയ്ത സമര്‍ മന്‍സൂരിയിലൂടെയാണ് ഖത്തറിന്റെ മെഡല്‍ വേട്ട തുടങ്ങിയത്. പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സയീദ് അല്‍ അബ്‌സി രണ്ടാം സ്ഥാനത്തെത്തി വെള്ളി സ്വന്തമാക്കി. ഇതോടെ ആദ്യദിനത്തില്‍ തന്നെ ഖത്തറിന്റെ മെഡല്‍ നേട്ടം നാലായി ഉയര്‍ന്നു.

ആറ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള 1,700 അത്ലറ്റുകളാണ് 16 ഇനങ്ങളിലായി ഗള്‍ഫ് ഗെയിംസില്‍ മത്സരിക്കുന്നത്. ഫുട്സാല്‍, ഐസ് ഹോക്കി ഒഴികെയുള്ള വിഭാഗങ്ങളില്‍ 173-ലധികം അത്ലറ്റുകളാണ് ഖത്തറിനെ പ്രതിനിധീകരിച്ച് ജിസിസി  ഗെയിംസില്‍ പങ്കെടുക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top